ലോകകപ്പ് കിരീടം നേടിയ അർജന്റീന താരത്തെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ്
ഈ സീസണിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അത്ലറ്റികോ മാഡ്രിഡിൽ അഴിച്ചു പണികൾ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലൈസ്റ്റർ സിറ്റി താരം സോയെൻക്, ഗ്ലാഡ്ബാഷ് സ്‌ട്രൈക്കർ മാർക്കസ് തുറാം, ചെൽസിയുടെ മിഡ്‌ഫീൽഡർ എൻഗോളോ കാന്റെ എന്നിവരെയെല്ലാം അടുത്ത സമ്മറിൽ അത്ലറ്റികോ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അത്ലറ്റികോ മാഡ്രിഡ് അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള താരങ്ങളിൽ അർജന്റീനക്കൊപ്പം ലോകകപ്പ് നേടിയിട്ടുള്ള കളിക്കാരനുമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ബെൻഫിക്കക്കായി കളിക്കുന്ന മുൻ മാഞ്ചസ്റ്റർ സിറ്റി താരം നിക്കോളാസ് ഓട്ടമെൻഡിയാണ് അത്ലറ്റികോ മാഡ്രിഡ് നോട്ടമിടുന്ന താരം. ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായിരുന്നു ഒട്ടമെൻഡി.
ഈ സീസൺ അവസാനിക്കുന്നതോടെ പോർച്ചുഗീസ് ക്ലബുമായുള്ള ഓട്ടമെൻഡിയുടെ കരാർ അവസാനിക്കാൻ പോവുകയാണ്. താരം അത് പുതുക്കാനുള്ള സാധ്യതയും വളരെ കുറവാണ്. ഫ്രീ ഏജന്റായി താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് അത്ലറ്റികോയുടെതെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ അത്ലറ്റികോ മാഡ്രിഡ് മാത്രമല്ല, സ്പെയിനിലെ മറ്റൊരു ക്ലബായ സെവിയ്യക്കും താരത്തിൽ താൽപര്യമുണ്ട്.
Atletico Madrid eye World Cup winning defenderhttps://t.co/q2J0knKFHY#benfica #wearebenfica #pelobenfica #nossobenfica #atleticomadrid #otamendi
— Senhor Benfica 🦅 ⚽ (@BenficaSenhor) February 8, 2023
കരിയറിൽ ലാ ലിഗയിൽ കളിച്ചിട്ടുള്ള താരമാണ് നിക്കോളാസ് ഓട്ടമെൻഡി. വലൻസിയയിൽ കളിച്ചതിനു ശേഷമാണ് താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നത്. മുപ്പത്തിയഞ്ചുകാരനായ താരം ഇപ്പോഴും തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അർജന്റീനക്കൊപ്പമുള്ള ലോകകപ്പ് കിരീടനേട്ടത്തിനു പുറമെ ബെൻഫിക്കയെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെത്തിക്കാനും താരം പ്രധാന പങ്കു വഹിച്ചു.