സിമിയോണി ചരിത്രം കുറിച്ച രാത്രിയിൽ ആറു ഗോളടിച്ച് അത്ലറ്റികോ മാഡ്രിഡിന്റെ ആഘോഷം

അത്ലറ്റികോ മാഡ്രിഡ് പരിശീലകനെന്ന നിലയിൽ ചരിത്രനേട്ടം ഡീഗോ സിമിയോണി കുറിച്ച രാത്രിയിൽ സ്‌പാനിഷ്‌ ക്ലബ് അടിച്ചു കൂട്ടിയത് ആറു ഗോളുകൾ. ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ സെവിയ്യക്കെതിരെയാണ് അത്ലറ്റികോ മാഡ്രിഡ് വമ്പൻ ജയം സ്വന്തമാക്കിയത്. സീസണിന്റെ തുടക്കത്തിൽ മോശം ഫോമിലായിരുന്നെങ്കിലും ഇപ്പോൾ മികച്ച പ്രകടനമാണ് അത്ലറ്റികോ മാഡ്രിഡ് നടത്തുന്നത്.

അത്ലറ്റികോ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവുമധികം മത്സരങ്ങളിൽ ടീമിനെ നയിച്ച പരിശീലകനെന്ന റെക്കോർഡാണ് ഡീഗോ സിമിയോണി സ്വന്തമാക്കിയത്. സെവിയ്യക്കെതിരെ നടന്ന മത്സരത്തോടെ 613 മത്സരങ്ങളിലാണ് അദ്ദേഹം ടീമിനെ പരിശീലിപ്പിച്ചത്. മുൻ പരിശീലകനായ ലൂയിസ് അരഗോൺസിന്റെ റെക്കോർഡാണ് അർജന്റീന പരിശീലകൻ തകർത്തത്.

അതേസമയം സിമിയോണിയുടെ നേട്ടം അത്ലറ്റികോ മാഡ്രിഡ് ഏറ്റവും മികച്ച രീതിയിൽ ആഘോഷിച്ചു. ഈ സീസണിൽ മോശം ഫോമിലുള്ള സെവിയ്യക്കെതിരെ ആറു ഗോളുകൾ ടീം നേടിയപ്പോൾ അൽവാരോ മൊറാട്ട, മെംഫിസ് ഡീപേയ് എന്നിവർ ഇരട്ടഗോളുകൾ സ്വന്തമാക്കി. കരാസ്‌കോ, ഗ്രീസ്‌മൻ എന്നിവരും ഗോൾ കണ്ടെത്തിയ മത്സരത്തിൽ എൻ നസ്രിയാണ് സെവിയ്യയുടെ ഒരേയൊരു ഗോൾ നേടിയത്.

2011 മുതൽ അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായ സിമിയോണി ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയ മാനേജർ കൂടിയാണ്. രണ്ടു ലാ ലിഗയും രണ്ടു യൂറോപ്പ ലീഗും അദ്ദേഹത്തിന് കീഴിൽ നേടിയ ടീം രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിയിരുന്നു. ഈ സീസണിന് ശേഷം അദ്ദേഹം ക്ലബ് വിടുമെന്ന റിപ്പോർട്ടുകളുണ്ട്.

ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ അത്ലറ്റികോ മാഡ്രിഡ് റയൽ സോസിഡാഡിനെ മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തി. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാൾ പതിനാലു പോയിന്റ് പിന്നിൽ നിൽക്കുന്ന ടീമിന് കിരീടം നേടാമെന്ന പ്രതീക്ഷയില്ലെങ്കിലും ടോപ് ഫോർ നേടി ചാമ്പ്യൻസ് ലീഗിലെത്താൻ കഴിയും.

Rate this post