ചെൽസിയിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ഒബാമയാങ്ങിന്റെ പ്രതികരണം ആഴ്‌സണലിനുള്ള മുന്നറിയിപ്പോ

2018ലാണ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും പിയറി എമറിക്ക് ഒബാമയാങ്ങിനെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. ടീമിലേക്ക് വന്നതിനു പിന്നാലെയുള്ള സീസണിൽ തന്നെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. ലിവർപൂൾ താരങ്ങളായ സാഡിയോ മാനെ, മൊഹമ്മദ് സലാ എന്നിവർക്കൊപ്പമാണ്‌ ആ സീസണിലെ ഗോൾഡൻ ബൂട്ട് താരം നേടിയത്. അതിനു ശേഷം ടീമിന്റെ നായകൻ വരെയായെങ്കിലും ആഴ്‌സണലിൽ നിന്നുള്ള ഒബാമയാങ്ങിന്റെ മടക്കം അത്ര സുഖകരമായ ഒന്നായിരുന്നില്ല.

അച്ചടക്കലംഘനം നടത്തിയെന്ന പേരിൽ പരിശീലകൻ മൈക്കൽ അർടെട്ട തന്റെ ടീമിൽ നിന്നും നിരന്തരം ഒഴിവാക്കിയ താരം കഴിഞ്ഞ ജനുവരിയിൽ കരാർ റദ്ദാക്കി ബാഴ്‌സലോണയിലേക്ക് ചേക്കേറുകയായിരുന്നു. ബാഴ്‌സലോണക്കു വേണ്ടി സീസണിന്റെ പകുതി മാത്രമേ കളിച്ചുള്ളൂവെങ്കിലും ടീമിന്റെ ടോപ് സ്കോററാവാൻ താരത്തിന് കഴിഞ്ഞു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലെവൻഡോസ്‌കി എത്തിയതോടെ അവസരങ്ങൾ കുറയും എന്നുറപ്പായ താരം ചെൽസിയുടെ ഓഫർ വന്നപ്പോൾ ഇരുകൈയ്യും നീട്ടി അതു സ്വീകരിച്ചു. ചെൽസിയിൽ എത്തിയതിനു ശേഷമുള്ള ഒബാമയാങ്ങിന്റെ ആദ്യപ്രതികരണം ആഴ്‌സണലിനുള്ള ഒരു മുന്നറിയിപ്പു പോലെയാണ് അനുഭവപ്പെട്ടത്.

“ഞാൻ വളരെയധികം സന്തോഷത്തിലാണ്. ഈ ടീമിന്റെ ഭാഗമാകാൻ കഴിയുകയെന്നത് ഒരു അഭിമാനം തന്നെയാണ്, എനിക്ക് മത്സരത്തിനിറങ്ങാൻ കാത്തിരിക്കാൻ വയ്യ. മുഴുവനാക്കാത്ത ചില ബിസിനസുകൾ എനിക്ക് പ്രീമിയർ ലീഗിലുണ്ട്, അതുകൊണ്ടു തന്നെ തിരിച്ചു വരവ് വളരെ മികച്ചതും ആവേശം നൽകുന്നതുമാണ്.” ചെൽസിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു ശേഷം ഒബാമയാങ് പറഞ്ഞു. രണ്ടു വർഷത്തെ കരാറിൽ പതിനാലു മില്യൺ യൂറോ നൽകിയാണ് ചെൽസി ഗാബോൺ സ്‌ട്രൈക്കറെ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.

അതേസമയം ഒബാമയാങ് ക്ലബ് വിട്ടതിനു ശേഷം ആഴ്‌സണലിന് വളരെയധികം ഉയർച്ച ഉണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തനിക്കു വേണ്ട താരങ്ങളെ കൃത്യമായി കണ്ടെടുത്ത് കെട്ടുറപ്പുള്ള ടീമിനെ ഉണ്ടാക്കിയെടുക്കാൻ പരിശീലകനായ മൈക്കൽ അർടെട്ടക്കു കഴിഞ്ഞിട്ടുണ്ട്. ഈ സീസണിൽ പ്രീമിയർ ലീഗിൽ എല്ലാ മത്സരവും വിജയിച്ച ഒരേയൊരു ടീമും ആഴ്‌സണലാണ്. എന്തായാലും ആഴ്‌സണലും ചെൽസിയും തമ്മിലുള്ള പോരാട്ടം വളരെ ആവേശകരമാകും എന്നതിൽ തർക്കമില്ല.