റൊണാൾഡോയെ സൗദിയിൽ നിന്നും പുറത്താക്കാൻ ആവശ്യം, പരിക്കേറ്റതാണെന്ന ന്യായീകരണവുമായി അൽ നസ്ർ |Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിവാദങ്ങൾ സൃഷ്‌ടിച്ച് സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അവിടെയും രക്ഷയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അൽ ഹിലാലുമായി നടന്ന മത്സരത്തിന് ശേഷം ആരാധകർക്ക് നേരെ അശ്ലീലകരമായ ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുതൽ കുരുക്കിലേക്ക് പോവുകയാണ്.

കഴിഞ്ഞ മത്സരത്തിന് ശേഷം റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് വരുമ്പോൾ മെസി ചാന്റുകളാണ് ആരാധകർ താരത്തിന് നേരെ ഉയർത്തിയത്. മത്സരം തോറ്റതിന്റെ നിരാശയിൽ ഉണ്ടായിരുന്ന താരത്തെ ഇത് പ്രകോപിതനാക്കുകയും ആരാധകർക്ക് നേരെ അശ്ലീലകരമായ ആംഗ്യം കാണിക്കുകയും ചെയ്‌തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പിന്നീട് വന്നത്.

പൊതു സ്ഥലത്തു വെച്ച് ആരാധകർക്ക് നേരെ അശ്ലീലകരമായ ആംഗ്യം കാണിച്ച റൊണാൾഡോയെ രാജ്യത്തു നിന്നു തന്നെ പുറത്താക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ലോകമറിയുന്ന സൂപ്പർതാരമാണ് റൊണാൾഡോയെങ്കിലും ഒരു രാജ്യത്ത് നിലനിൽക്കുന്ന സംസ്‌കാരം, നിയമം എന്നിവയെ ബഹുമാനിക്കേണ്ടത് പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ എത്തിയിട്ടുണ്ട്. റൊണാൾഡോ നടത്തിയ ആംഗ്യം താരത്തിന് പരിക്ക് പറ്റിയത് കൊണ്ടാണെന്നാണ് അൽ നസ്ർ പറയുന്നത്. അൽ ഹിലാൽ താരവുമായി കൂട്ടിയിടിച്ച് റൊണാൾഡോയുടെ സ്വകാര്യഭാഗത്തിനു പരിക്ക് പറ്റിയെന്നും താരം അശ്ലീലകരമായ ആംഗ്യം കാണിച്ചില്ലെന്നും അവർ വ്യക്തമാക്കുന്നു.

റൊണാൾഡോ എത്തിയിട്ടും അൽ നസ്റിന് വലിയ മുന്നേറ്റമൊന്നും ലീഗിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ തോറ്റതോടെ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിന്റെ കിരീടപ്രതീക്ഷകൾ വളരെയധികം കുറഞ്ഞിട്ടുണ്ട്. അതിനിടയിലാണ് ആരാധകരെ അധിക്ഷേപിച്ചതിന്റെ പേരിൽ താരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.

2.4/5 - (62 votes)