“നിങ്ങൾ കരുതുന്നതിലും മികച്ച ടീമാണ് ഞങ്ങൾ”- റയൽ മാഡ്രിഡിന് മുന്നറിയിപ്പുമായി ചെൽസി താരം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകുമ്പോൾ അതിലെ ഒരു വമ്പൻ പോരാട്ടം നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡും അതിനു മുൻപത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും തമ്മിലാണ്. തുടർച്ചയായ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ റയൽ മാഡ്രിഡ് ഇറങ്ങുമ്പോൾ ഈ സീസണിൽ ആദ്യത്തെ കിരീടമാണ് ചെൽസി ലക്ഷ്യമിടുന്നത്.

നിലവിലെ ഫോം പരിഗണിക്കുമ്പോൾ റയൽ മാഡ്രിഡിന് ചെൽസിക്ക് മേൽ വ്യക്തമായ ആധിപത്യമുണ്ട്. ഈ സീസണിൽ മോശം ഫോമിൽ മുന്നോട്ടു പോകുന്ന ചെൽസി രണ്ടു പരിശീലകരെയാണ് പുറത്താക്കിയത്. എന്നാൽ നിലവിലെ ഫോം മാത്രം പരിഗണിച്ചിട്ട് കാര്യമില്ലെന്നും റയൽ മാഡ്രിഡ് വിജയിക്കുന്നതിനേക്കാൾ കരുത്തരാണ് തങ്ങളെന്നുമാണ് ചെൽസി താരം ആസ്പ്ലികുയറ്റ പറയുന്നത്.

“അവർ വിചാരിക്കുന്നതിനേക്കാൾ മികച്ച ടീമാണ് ഞങ്ങൾ. ഇതൊരു വലിയ അവസരമാണ്. ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരെയാണ് നേരിടുന്നത് എന്നതിനാൽ തന്നെ ഇത് പ്രത്യേകത നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമാണ്. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ഞങ്ങൾ അവർക്കെതിരെ ഇറങ്ങുന്നത്. റയൽ മാഡ്രിഡിന് വളരെയധികം പരിചയസമ്പത്തുണ്ട്.” ആസ്പ്ലികുയറ്റ പറഞ്ഞു.

അതേസമയം റയൽ മാഡ്രിഡിന്റെ തിരിച്ചു വരാനുള്ള കഴിവിനെ സ്‌പാനിഷ്‌ താരം പ്രത്യേകം എടുത്തു പറയുകയുണ്ടായി. നമ്മൾ മത്സരത്തിൽ പൂർണമായും നിയന്ത്രണം നേടിയെന്നു കരുതുന്ന സമയത്തും തിരിച്ചു വരാനുള്ള റയൽ മാഡ്രിഡിന്റെ കഴിവ് അപാരമാണെന്നും അതിനെ ചെറുക്കാൻ വളരെ ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ കൊടുക്കണമെന്നാണ് താരം പറയുന്നത്.

ബാഴ്‌സലോണക്കെതിരെ നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ നാല് ഗോളുകളുടെ വിജയം നേടിയെങ്കിലും അതിനു ശേഷം വിയ്യാറയലിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിനായി എത്തുന്നത്. സമാനമായ സാഹചര്യത്തിൽ തന്നെയാണ് ചെൽസി. കഴിഞ്ഞ മത്സരത്തിൽ അവർ വോൾവ്‌സിനോട് പരാജയപ്പെട്ടിരുന്നു.

Rate this post