‘മോശം റഫറിയിംഗ് ഐഎസ്എല്ലിന്റെ മൊത്തത്തിലുള്ള നിലവാരത്തെ പ്രതികൂലമായി ബാധിക്കും’ |Kerala Blasters

സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പിഴവിൽ നിന്നാണ് മുംബൈ രണ്ടു ഗോളുകളും നേടിയത്.മുംബൈയ്ക്കായി പെരേര ഡിയാസും അപുയയും സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ വിദേശ താരം മിലോസിന് റെഡ് കാര്‍ഡ് കിട്ടുകയും ചെയ്തു.അടുത്ത രണ്ട് മല്‍സരങ്ങളില്‍ മിലോസിന് കളിക്കാന്‍ സാധിക്കില്ല. മത്സരത്തിൽ കാൽ മുട്ടിന് പരിക്കേറ്റ ലെഫ്റ്റ് ബാക്ക് ഐബാൻ ഡോഹ്ലിംഗിന് സീസൺ നഷ്ടമാവുകയും ചെയ്യും. മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ സൂപ്പർ ലീഗിലെ റ്റവും ശക്തമായ ടീമുകളിലൊന്നായ മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പോരാടി.മുംബൈ സിറ്റി എഫ്‌സിയോട് തോറ്റതിൽ ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടേണ്ടതില്ലെന്ന് ഇന്ത്യൻ ഇതിഹാസം ഐഎം വിജയൻ പറഞ്ഞു.

“ഈ ബ്ലാസ്റ്റേഴ്‌സ് ടീമിൽ ധാരാളം യുവാക്കൾ ഉണ്ട്, അവർക്ക് തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ അവരുടെ പരിചയക്കുറവ് പുറത്തായ നിമിഷങ്ങളുണ്ടായിരുന്നു. അവർ വിലപ്പെട്ട മത്സരാനുഭവം നേടുമെന്നും ലീഗ് പുരോഗമിക്കുമ്പോൾ മികച്ച കളിക്കാരായി മാറുമെന്നും എനിക്ക് ഉറപ്പുണ്ട്” വിജയൻ പറഞ്ഞു.”ലീഗിലെ മോശം റഫറിയിംങ്ങിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.ഈ റഫറിയിംഗ് ലെവൽ ലീഗിന്റെ മൊത്തത്തിലുള്ള നിലവാരത്തെ പ്രതികൂലമായി ബാധിക്കും. ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരത്തിനിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ മാത്രമല്ല ഞാൻ പരാമർശിക്കുന്നത്. എല്ലാ ടീമുകൾക്കും ഇത് ഒരു പ്രശ്നമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്ബോൾ വികാരങ്ങൾ നിറഞ്ഞ ഒരു കായിക വിനോദമാണ്, ചില അവസരങ്ങളിൽ കളിക്കാർക്ക് പിച്ചിൽ അവരുടെ കോപം നിയന്ത്രിക്കാൻ കഴിയില്ല. രണ്ട് ടീമുകൾ വഴങ്ങാൻ വിസമ്മതിക്കുമ്പോൾ ഉന്തും തള്ളും വാക്ക് തർക്കവും ഉണ്ടാകും. ഫീൽഡിലെ അന്തിമ തീരുമാനമെടുക്കുന്ന അധികാരി റഫറിയാണ്, അക്രമാസക്തമായ പെരുമാറ്റങ്ങൾക്ക് നിശബ്ദനായ കാഴ്ചക്കാരനായി അയാൾക്ക് തുടരാനാവില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post