സഹൽ അബ്ദുൾ സമദ് കളിക്കാത്തത് ഇന്ത്യക്ക് വലിയ നഷ്ടമാണെന്ന് ബൈച്ചുങ് ബൂട്ടിയ | Sahal Abdul Samad | Bhaichung Bhutia

2023-ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഉസ്‌ബെക്കിസ്താനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഖത്തറിലെ അല്‍ റയാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ റാങ്കിങ്ങിൽ 68 ആം സ്ഥാനത്താണ് ഉസ്‌ബെക്കിസ്ഥാൻ.നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ ഇന്ത്യക്ക് ഇന്ന് വിജയം കൂടിയേ തീരു.

ആറ് പതിറ്റാണ്ടിനിടെ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ ഇന്ത്യ ആഗ്രഹിക്കുന്നതിനാൽ ഒരു പോസിറ്റീവ് ഫലത്തിനായി തന്റെ ടീം ആക്രമണോത്സുകതയോടെയാണ് കളിയെ സമീപിക്കാൻ പോകുന്നതെന്ന് ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് സൂചന നൽകി.എഎഫ്‌സി ഏഷ്യൻ കപ്പിന് മുമ്പുണ്ടായ പരിക്കിൽ നിന്ന് ഇതുവരെ കരകയറാത്ത പ്രതിഭാധനനായ മിഡ്‌ഫീൽഡർ സഹൽ അബ്ദുൾ സമദിന്റെ സർഗ്ഗാത്മക വൈദഗ്ദ്ധ്യം ഇന്ത്യയ്ക്ക് ഇന്നും നഷ്ടമാവും. സമദ് പന്തുമായി പിച്ചിൽ പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ലൈനപ്പിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

26 കാരനായ മോഹൻ ബഗാൻ കളിക്കാരന് ഓസ്‌ട്രേലിയയുമായുള്ള മത്സരവും നഷ്ടമായിരുന്നു. സഹൽ കളിക്കാത്തത് ഇന്ത്യക്ക് വലിയ നഷ്ടമാണെന്ന് ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയ പറഞ്ഞു.സഹലിന്റെ കളി മെനയാനുള്ള കഴിവുകൾ ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്ക് പ്രയോജനം ചെയ്യുമായിരുന്നെന്നും ബൂട്ടിയ പറഞ്ഞു. “പരിക്കുകൾ കളിയുടെ ഭാഗമാണ്, അത് ഏത് ടീമിനെയും നിസ്സംശയമായും ദുർബലമാക്കും.സഹലിന്റെ സർഗ്ഗാത്മകതയും പ്രതിരോധം അൺലോക്ക് ചെയ്യാനുള്ള കഴിവും ഇന്ത്യക്ക് നഷ്ടമാവും. എന്നാൽ മറ്റ് കളിക്കാർ മുന്നേറുകയും അവരുടെ കഴിവ് പ്രകടിപ്പിക്കുകയും വേണം.യുവാക്കൾക്ക് ഒരു വലിയ വേദിയിൽ സ്വയം തെളിയിക്കാനുള്ള അവസരം കൂടിയാണിത്” ബൂട്ടിയ പറഞ്ഞു.

ഇന്ത്യൻ ടീമിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നതിന് കോച്ച് ഇഗോർ സ്റ്റിമാക്കിനെ ബൂട്ടിയ പ്രശംസിച്ചു.”സ്റ്റിമാക് ഇന്ത്യൻ ടീമിൽ അച്ചടക്കവും ഘടനയും തന്ത്രപരമായ സമീപനവും കൊണ്ടുവന്നു. ഫിറ്റ്നസിലും പ്രൊഫഷണലിസത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post