“ബേൽ നടന്ന പാതയെ ചുംബിക്കേണ്ടവരാണു റയൽ മാഡ്രിഡ്”, വെയിൽസ് താരത്തിന്റെ തിരിച്ചു വരവുണ്ടാകില്ലെന്നുറപ്പിച്ച് ഏജന്റ്

റയൽ മാഡ്രിഡിൽ നിന്നും ഗരേത് ബേൽ മുൻ ക്ലബായ ടോട്ടനം ഹോസ്പറിലേക്കു ചേക്കേറിയതിനെ കുറിച്ചും താരത്തെ സ്പാനിഷ് ക്ലബ് നേതൃത്വം അവഗണിച്ച രീതിയെ കുറിച്ചും രൂക്ഷമായ വിമർശനം നടത്തി ഏജൻറായ ജൊനാഥൻ ബാർനറ്റ്. സിദാനു കീഴിൽ ഏറെക്കുറെ ഒരു സീസൺ മുഴുവൻ പുറത്തിരുന്ന ബേൽ ദിവസങ്ങൾക്കു മുൻപ് മൊറീന്യോ പരിശീലകനായ ടോട്ടനത്തിലേക്കു ചേക്കേറിയത്. ഒരു വർഷത്തെ ലോൺ കാലാവധി കഴിഞ്ഞാലും താരം റയലിലേക്കു തിരിച്ചെത്താൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ബേൽ റയലിലേക്കു തിരിച്ചെത്തുന്ന വിഷയം വരില്ലെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം ടോട്ടനത്തിനൊപ്പം മികച്ച പ്രകടനം നടത്തുകയും വീണ്ടും അവിടെത്തന്നെ തുടരുകയും ചെയ്യാനാണു സാധ്യത. അദ്ദേഹം കളിക്കളത്തിലേക്കു തിരിച്ചെത്തുമെന്നതും ഇഷ്ടപ്പെട്ട രീതിയിൽ കളിക്കാൻ കഴിയുമെന്നതുമാണ് എന്നെ സംബന്ധിച്ച് ആശ്വാസകരമായ കാര്യം.”

“വിദേശത്തു കളിച്ച ബ്രിട്ടീഷ് കളിക്കാരിൽ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് ബേൽ. എന്നാൽ റയലിനെപ്പോലൊരു വമ്പൻ ക്ലബിനൊപ്പം ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു കളിക്കാരൻ വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടിട്ടുണ്ടോയെന്നു സംശയമാണ്. കുറച്ചു കൂടി നല്ല ട്രീറ്റ്മെന്റ് ബേൽ അർഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.”

“ആരാധകർ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ നിന്നപ്പോൾ ക്ലബ് അതവസാനിപ്പിക്കാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല. അക്കാര്യത്തിൽ ആരെയും കുറ്റം പറയാൻ ഞാനില്ല. എങ്കിലും റയൽ മാഡ്രിഡിനു വേണ്ടി ബേൽ സ്വന്തമാക്കിയ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹം നടക്കുന്ന പാതയിൽ റയൽ മാഡ്രിഡ് ഉമ്മ വെക്കേണ്ടതാണ്.” ബാർനറ്റ് തുറന്നടിച്ചു.

Rate this post