ബാലൺ ഡി’ഓർ നേടിയാൽ വേൾഡ് കപ്പ് ലഭിക്കില്ല, ശാപത്തിൽ നിന്നും മെസ്സി രക്ഷപ്പെട്ടുവെന്ന് TYC

കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നില്ല.പിഎസ്ജിയിൽ അഡാപ്റ്റാവാൻ മെസ്സിക്ക് സമയം ആവശ്യമായി വന്നു. മാത്രമല്ല പരിക്കും കോവിഡും മെസ്സിയെ ബാധിച്ചു. ഇതുകൊണ്ടൊക്കെ തന്നെയും കഴിഞ്ഞ സീസണിൽ മെസ്സിക്ക് തന്റെ നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.

ഇതോട് കൂടി ബാലൺ ഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള 30 പേരുടെ ലിസ്റ്റിൽ നിന്നും മെസ്സി തഴയപ്പെട്ടിരുന്നു.ഏഴ് തവണ ബാലൺഡി’ഓർ പുരസ്ക്കാരം നേടിയിട്ടുള്ള മെസ്സിക്ക് ഇത്തവണ ലഭിക്കാത്തത് ഒരു അനുഗ്രഹമാണ് എന്നാണ് അർജന്റൈൻ മീഡിയയായ TYC SPORTS പറഞ്ഞു വെക്കുന്നത്.

1995 ലാണ് യൂറോപ്യന്മാർക്ക് മാത്രമായി നൽകിയിരുന്ന ഈ പുരസ്കാരം എല്ലാവർക്കും സമ്മാനിക്കാൻ തീരുമാനിച്ചത്. അതിനുശേഷം ഇതുവരെ ബാലൻഡിയോർ പുരസ്കാരം നേടിയ വ്യക്തിക്ക് തൊട്ടടുത്ത വർഷം നടക്കുന്ന വേൾഡ് കപ്പിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ആ ശാപത്തിൽ നിന്നും മെസ്സി രക്ഷപ്പെട്ടു എന്നാണ് TYC പറഞ്ഞത്.

1997-ൽ റൊണാൾഡോ ബാലൻഡിയോർ നേടിയപ്പോൾ 1998ൽ ബ്രസീലിന് വേൾഡ് കപ്പ് നേടാൻ കഴിഞ്ഞില്ല.2001ൽ ഓവൻ ബാലൺഡി’ഓർ നേടിയപ്പോൾ 2002ൽ വേൾഡ് കപ്പ് നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.2005ൽ റൊണാൾഡീഞ്ഞോ ബാലൺഡി’ഓർ നേടിയപ്പോൾ 2006ൽ ബ്രസീൽ നേരത്തെ പുറത്തായി.

2009ൽ മെസ്സി പുരസ്കാരം നേടിയപ്പോൾ 2010ൽ അർജന്റീനക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.2013,2017 വർഷങ്ങളിൽ ക്രിസ്റ്റ്യാനോ പുരസ്കാരം നേടിയപ്പോൾ തൊട്ടടുത്ത വർഷങ്ങളിൽ വേൾഡ് കപ്പുകളിൽ പോർച്ചുഗല്ലിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഈ ശാപം തുടരുകയാണെങ്കിൽ ഇത്തവണ ഫ്രാൻസിനും കിരീടം ലഭിച്ചേക്കില്ല.

മെസ്സിക്ക് ബാലൺ ഡി’ഓർ ലഭിക്കാത്തതിനാൽ ഈ ശാപത്തിൽ നിന്ന് ഒഴിവായി എന്നും അതുകൊണ്ടുതന്നെ വേൾഡ് കപ്പ് കിരീട സാധ്യത അർജന്റീനക്ക് ഉണ്ട് എന്നുമാണ് TYC യുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണയും ഈ ശാപം തുടരുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

5/5 - (1 vote)