“ഇനിയുള്ള മത്സരങ്ങൾ നിർണായകം , ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ വിജയം അനിവാര്യം”

17 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു പോരാട്ടത്തിന് നാളെ ഇറങ്ങുകയാണ്. മികച്ച ഫോമിലുള്ള ബംഗളുരു എഫ് സിയാണ് കേരളത്തിന്റെ എതിരാളികൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യത്തിനു താരങ്ങളെ കളത്തിലിറക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ രണ്ടു മത്സരങ്ങളാണ് മാറ്റിവെച്ചിരുന്നത്. വിദേശതാരങ്ങൾക്കടക്കം കോവിഡ് ബാധിച്ചത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ഭീതിയുടെ നാളുകൾ ആയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആശ്വാസം നൽകുന്ന പല വാർത്തകളും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്തു വന്നിരുന്നു. ഒഡിഷാക്കെതിരായ മത്സരത്തിന് ശേഷം ഒരു ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം പുനരാരംഭിക്കുയ്ക്കയും ചെയ്തിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ 10 മത്സരങ്ങളിലും അപരാജിത കുതിപ്പ് തുടരുമ്പോഴും നീണ്ട ഇടവേള ബ്ലാസ്‌റ്റേഴ്‌സിനെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടി വരും. മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ വന്ന നീണ്ട ഇടവേള അനുകൂലമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ തന്നെയാണ് പരിശീലകൻ ഇവാന് വുകോമനോവിച്ച്. ഇത് തന്നെയാവും ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ക്വാറന്റൈൻ ചെയ്യപ്പെട്ട മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചും, മധ്യനിര താരം അഡ്രിയാൻ ലൂണയും 2 ആഴ്ച്ചത്തെ ഇടവേയ്ക്ക് ശേഷം പരിശീലനത്തിനെത്തിയത് ബ്ലാസ്റ്റേഴ്സിന് വലിയൊരു ആശ്വാസമാണ് നൽകിയത്. ടീം വീണ്ടും പരിശീലനത്തിൽ ഏർപ്പെട്ടത് ആരാധകർക്കും ആശ്വാസം പകർന്നെങ്കിലും കോവിഡിന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയ താരങ്ങളിൽ ആരൊക്കെ മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കും എന്നതനുസരിച്ചായിരിക്കും ഞായറാഴ്ച്ചത്തെ ബ്ലാസ്റ്റേഴ്‌സ് ടീം.

നിലവിൽ 11 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ഹൈദെരാബാദിനും ,ജാംഷെഡ്പൂരിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.13 മത്സരങ്ങളിൽ നിന്നും 17 പോയിന്റുമായി ബംഗളുരു ആറാം സ്ഥാനത്താണ്.ലീഗിന്റെ ആദ്യപാദ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1-1 സമനില ആയിരുന്നു ഫലം. ലീഗിൽ വൻ തിരിച്ചു വരവ് നടത്തിയ ടീമുകളിൽ ഒന്നാണ് ബംഗളുരു. നോർത്ത് ഈസ്റ്റിനെതിരെ തകർപ്പൻ വിജയത്തോടെ തുടങ്ങിയ ബംഗളുരുവിനു പിന്നീടുള്ള 7 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാനായില്ല. 4 തോൽവിയും മൂന്നു സമനിലയും അവർ വഴങ്ങി. എന്നാൽ അടുത്ത മത്സരത്തിൽ ചെന്നൈയിനെ തോൽപ്പിച്ച അവർ രണ്ടു ജയവും രണ്ടു സമനിലയും നേടി.ക്യാപ്റ്റനും, ടീമിന്റെ നെടുംതൂണുമായ സുനിൽ ഛേത്രി ഏറെ മത്സരങ്ങൾക്ക് ശേഷം സീസണിലെ ആദ്യ ഗോൾ കണ്ടെത്തിയത് ബംഗളുരുവിനു വലിയ ആശ്വാസം നൽകിയിരുന്നു.

ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനു വിജയിക്കേണ്ടതുണ്ട്. നീണ്ട ഇടവേളക്ക് ശേഷം പ്ലെ ഓഫിലേക്ക് യോഗ്യത നേടാനായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്ന 9 മത്സരങ്ങളിൽ കുറഞ്ഞത് 5 വിജയമെങ്കിലും നേടേണ്ടതുണ്ട്.ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് അഞ്ചു മത്സരങ്ങളാണ് കളിക്കേണ്ടി വരുന്നത്.ഫെബ്രുവരി 4- നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഫെബ്രുവരി 11-ജംഷഡ്‌പൂർ , ഫെബ്രുവരി 15- ചെന്നൈയിൽ എഫ്. സി, ഫെബ്രുവരി 19- ഹൈദരാബാദ്, ഫെബ്രുവരി 28-ഈസ്റ്റ്‌ ബംഗാൾ, മാർച്ച്‌ 5 -ഗോവ എന്നിവർക്ക് എതിരെയാണ് മറ്റുള്ള മത്സരങ്ങൾ.മാറ്റിവെച്ച രണ്ടു മത്സരങ്ങൾ എന്ന് കളിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. കന്നി ഐഎസ് എൽ കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്.

പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേർസിന്റെ വിജയങ്ങളിൽ നിർണായകമായത് വിദേശ താരങ്ങളുടെ പ്രകടനം തന്നെയാണ്, മുൻ സീസണുകൾ അപേക്ഷിച്ച് കഴിവുള്ള മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് സാധിക്കുകയും ചെയ്തു. മുൻ സീസണുകളിൽ വലിയ വില കൊടുത്തു കൊണ്ട് വന്ന പല വിദേശ താരങ്ങളും നിരാശപ്പെടുത്തിയ ചരിത്രമാണുള്ളത്. വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളും പ്രകടനത്തിൽ മികവ് പുലർത്തിയത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു.