അർടേട്ടക്കു വേണ്ടാത്ത ആഴ്സനൽ താരത്തെ റാഞ്ചാൻ ബാഴ്സയും അറ്റ്ലറ്റികോയും ഇന്ററും

ആഴ്സനലിന്റെ ഫ്രഞ്ച് മധ്യനിരതാരമായ ഗുൻഡൂസിയെ സ്വന്തമാക്കാൻ ബാഴ്സലോണ, അറ്റ്ലറ്റികോ, ഇന്റർ മിലാൻ എന്നീ ക്ലബുകൾ ശ്രമമാരംഭിച്ചു. ഫ്രഞ്ച് മാധ്യമമായ ലെ എക്വിപ്പെയാണ് ഈ വിവരം പുറത്തു വിട്ടത്. നാൽപതു മില്യൺ ആഴ്സനൽ ആവശ്യപ്പെടുന്ന താരം ഈ സീസണിനപ്പുറം ഗണ്ണേഴ്സിൽ തുടരില്ലെന്നാണ് സൂചനകൾ.

ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷമാണ് അർടേട്ട ഗുൻഡൂസിയെ വിൽക്കാൻ തീരുമാനമെടുക്കുന്നത്. ജൂൺ 20നു നടന്ന മത്സരത്തിൽ മോശം പ്രകടനം കാഴ്ച വെച്ച താരം ബ്രൈറ്റണിന്റെ നീൽ മൗപുവേയുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പേരിൽ അർടേട്ട താരത്തെ വിമർശിക്കുകയും ചെയ്തു.

അതിനു ശേഷം നടന്ന മത്സരങ്ങളിൽ താരത്തിന് ടീമിലിടം നേടാൻ കഴിഞ്ഞിട്ടില്ല. ഗുൻഡൂസി മറ്റു താരങ്ങളിൽ നിന്നും മാറി ഒറ്റക്കാണു പരിശീലനം നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്‌. എന്തായാലും എമിറേറ്റ്സിൽ താരത്തിന്റെ കാലം കഴിഞ്ഞുവെന്നു തന്നെയാണു വിലയിരുത്തപ്പെടുന്നത്.

താരത്തിന്റെ മനോഭാവത്തിലും കളിക്കളത്തിലെ പ്രകടനത്തിലും മാറ്റമുണ്ടായാൽ മാത്രമേ ആഴ്സനലിൽ തുടരാൻ നേരിയ സാധ്യതയുള്ളൂ. അടുത്ത സീസണു മുൻപ് പുതിയ താരങ്ങളെയെത്തിച്ച് ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടി ഗുൻഡൂസിയെ വിൽക്കാൻ തന്നെയാണ് ആഴ്സനലിന്റെ നീക്കം.

Rate this post