ബാഴ്സലോണ ബി ടീമിൽ നിന്നും റൊണാൾഡ് കൂമാൻ സീനിയർ ടീമിലേക്കു സ്ഥാനക്കയറ്റം നൽകിയ പതിനേഴുകാരനായ അലസാൻഡ്രോ ബാൾഡെയെ വാഴ്ത്തി സ്പാനിഷ് മാധ്യമങ്ങൾ. കൂമാൻ സീനിയർ ടീമിലെത്തിച്ച പതിനേഴുകാരനായ താരത്തെ അടുത്ത അൻസു ഫാറ്റിയെന്നു വിശേഷിപ്പിച്ച സ്പാനിഷ് മാധ്യമമായ സ്പോർട് ബാൾഡെക്ക് സീനിയർ ടീമിൽ കളിക്കാനുള്ള മികവുണ്ടെന്നു വ്യക്തമാക്കി.
റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ പരിക്കേറ്റു ശസ്ത്രക്രിയക്കു വിധേയനായതിനെ തുടർന്ന് നാലു മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്ന അൻസു ഫാറ്റിക്കു പകരക്കാരനായല്ല ബാൾഡെ സീനിയർ ടീമിലെത്തുന്നത്. ജനുവരിയിൽ ജൂനിയർ ഫിർപോ ടീം വിടാൻ സാധ്യതയുള്ളതിനാൽ ആൽബക്കു ബാക്കപ്പായാവും താരം കളിക്കുക.
ആക്രമണത്തിലൂന്നി കളിക്കുന്ന ലെഫ്റ്റ് ബാക്കായ ബാൾഡെയെ ‘വിസ്ഫോടനാത്മക കഴിവുകളുള്ള താരം’ എന്നാണ് ബാഴ്സലോണ വെബ്സൈറ്റ് വിശേഷിപ്പിക്കുന്നത്. ഈ സീസണിൽ പരിക്കു മൂലം ബാഴ്സലോണ ബി ടീമിൽ ഇറങ്ങിയിട്ടില്ലെങ്കിലും താരത്തിന്റെ മികവിൽ ആർക്കും സംശയമില്ലെന്നാണ് സീനിയർ ടീമിലേക്കുള്ള സ്ഥാനക്കയറ്റത്തിലൂടെ വ്യക്തമാകുന്നത്.
അടുത്ത മത്സരത്തിൽ തന്നെ ബാൾഡെയെ കൂമാൻ പരീക്ഷിക്കുകയാണെങ്കിൽ സീനിയർ ടീമിലെ അരങ്ങേറ്റം തന്നെ ബാൾഡെക്ക് അഗ്നിപരീക്ഷയാകും. ഇന്റർനാഷണൽ മത്സരങ്ങളുടെ ഇടവേളക്കു ശേഷം അറ്റ്ലറ്റികോ മാഡ്രിഡിനെതിരെയാണ് ബാഴ്സലോണയുടെ അടുത്ത ലാലിഗ മത്സരം.