ബാഴ്സ അറിയപ്പെട്ടത് മെസ്സി കാരണം, ഇനിയൊരു തിരിച്ചു വരവില്ല : മെസ്സിയുടെ സഹോദരൻ

എഫ്സി ബാഴ്സലോണയിൽ 20 വർഷത്തോളം ചിലവഴിച്ചിട്ടുള്ള ഇതിഹാസതാരമാണ് ലിയോ മെസ്സി.35 കിരീടങ്ങൾ ബാഴ്സക്ക് നേടിക്കൊടുക്കാൻ ഇക്കാലയളവിൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.പക്ഷേ ബാഴ്സയിലെ മെസ്സിയുടെ അവസാന നാളുകൾ വളരെ കഠിനമായിരുന്നു.സാമ്പത്തികപരമായും കായികപരമായ വളരെ മോശം അവസ്ഥയിലൂടെയായിരുന്നു ബാഴ്സ മുന്നോട്ട് പോയിരുന്നത്.

തുടർന്ന് ലയണൽ മെസ്സിയെ ബാഴ്സ ഒഴിവാക്കുകയായിരുന്നു.കരാർ പുതുക്കാമെന്ന് ബാഴ്സ മെസ്സിക്കു നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ക്ലബ്ബ് അതിൽ നിന്നും പിന്മാറുകയായിരുന്നു.തൽഫലമായി കൊണ്ടാണ് മെസ്സി ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് എത്തിയത്.മെസ്സി ബാഴ്സയിലേക്ക് തന്നെ മടങ്ങിയെത്തിയേക്കും എന്നുള്ള റിപ്പോർട്ടുകൾ ഇടക്കിടെ പുറത്തു വരാറുണ്ട്.

എന്നാൽ ലയണൽ മെസ്സിയുടെ സഹോദരനായ മത്യാസ് ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി ഇനി ബാഴ്സയിലേക്ക് തിരിച്ചു വരില്ലെന്നും അഥവാ അങ്ങനെ സംഭവിച്ചാൽ ബാഴ്സയിൽ ഒരു ശുചീകരണം തന്നെ നടത്തുമെന്നുമാണ് മെസ്സിയുടെ സഹോദരൻ പറഞ്ഞിട്ടുള്ളത്.ബാഴ്സ അറിയപ്പെടാൻ തുടങ്ങിയത് തന്നെ മെസ്സി കാരണമാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ട്വിച്ചിൽ സംസാരിക്കുകയായിരുന്നു സഹോദരൻ.

‘ലയണൽ മെസ്സി ഉള്ളതുകൊണ്ടാണ് ബാഴ്സയെ ആളുകൾ അറിയാൻ തുടങ്ങിയത്.അതിനു മുൻപ് ആർക്കും അറിയില്ലായിരുന്നു.റയൽ മാഡ്രിഡിനെയായിരുന്നു പലർക്കും അറിയാമായിരുന്നത്.എന്നിട്ട് മെസ്സിയോട് ബാഴ്സ പെരുമാറിയത് നല്ല രീതിയിലല്ല.മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും എന്ന വാർത്ത കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല.ഇനി അങ്ങനെ സംഭവിച്ചാൽ തന്നെ ബാഴ്സയിൽ ഒരു ശുചീകരണം നടക്കും.ലാപോർട്ടയെ പുറത്താക്കേണ്ടി വരും ‘മെസ്സിയുടെ സഹോദരൻ പറഞ്ഞു.

മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇരിക്കുകയാണ്.ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഇത് പുതുക്കിട്ടില്ലെങ്കിലും ഉടൻതന്നെ പുതുക്കിയ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.