ബാഴ്സലോണ പാപ്പരാകുമെന്നു റിപ്പോർട്ടുകൾ, രക്ഷിക്കണമെങ്കിൽ താരങ്ങൾ തന്നെ വിചാരിക്കണം

കൊറോണ വൈറസ് പ്രതിസന്ധി ആഘാതമേൽപ്പിച്ച യൂറോപ്യൻ ക്ലബുകളിൽ ഒന്നായ ബാഴ്സലോണ നീങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സ്പാനിഷ് മാധ്യമമായ ആർഎസി വണിന്റെ റിപ്പോർട്ടുകൾ പ്രകാരം 190 മില്യൺ യൂറോ താരങ്ങളുടെ വേതന കരാറിൽ നിന്നും കുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ലബ് പാപ്പരത്വം പ്രഖ്യാപിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പുതിയ ബോർഡിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്.

പ്രതിഫലം കുറക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബിന്റെ നിയമോപദേശകർ താരങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. മുപ്പതു ശതമാനം വേതനം താരങ്ങൾ ഇതിനായി കുറക്കേണ്ടി വരും. നവംബർ 5നു മുൻപു തന്നെ ഇക്കാര്യത്തിൽ താരങ്ങളുമായി ധാരണയിൽ എത്തണമെന്ന വെല്ലുവിളിയും ബാഴ്സക്കു മുന്നിലുണ്ട്. ചില താരങ്ങൾ നേരത്തെ തന്നെ ഇതിനോടു സമ്മതമറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം കളിക്കാരും ഇതിനു സമ്മതമല്ലെന്ന അഭിപ്രായമാണു നടത്തിയിരിക്കുന്നത്.

സ്ഥാനമൊഴിഞ്ഞ ബർട്ടമോവിനു പകരം ക്ലബിന്റെ താൽക്കാലിക പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കാർലസ് ടുസ്ക്വസ്റ്റ്സ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ടൂറിസമാണ് ക്ലബിന്റെ പ്രധാന വരുമാന മാർഗമെന്നും എന്നാൽ കൊറോണ വൈറസ് പ്രതിസന്ധി ഇതിനെ പൂർണമായും ഇല്ലാതാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് മുൻ നേതൃത്വം എടുത്ത തീരുമാനങ്ങളെ പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ലയണൽ മെസിയുടെ കരാർ പുതുക്കുന്നതടക്കമുള്ള കാര്യങ്ങളും ബാഴ്സക്കു തിരിച്ചടിയാണ്. ബർട്ടമോ രാജി വെച്ചതോടെ താരങ്ങൾ പ്രതിഫലം കുറക്കുന്നതിനു വേണ്ടി തയ്യാറാകുമെന്നാണു പുതിയ നേതൃത്വം പ്രതീക്ഷിക്കുന്നത്.

Rate this post