“മെസി ചതിയനും വർഗ്ഗവഞ്ചകനും”- ഇന്റർ മിലാനെതിരായ മത്സരത്തിനു പിന്നാലെ വിമർശനവുമായി ബാഴ്‌സലോണ ആരാധകർ

ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു പിന്നാലെ ലയണൽ മെസിക്കെതിരെ വിമർശനവുമായി ബാഴ്‌സലോണ ആരാധകർ. മത്സരത്തിനു പിന്നാലെ ഇന്റർ മിലാൻ സ്‌ട്രൈക്കറും അർജന്റീനയിൽ ലയണൽ മെസിയുടെ സഹതാരവുമായി ലൗടാരോ മാർട്ടിനസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ഫോട്ടോക്കു ലൈക്ക് ചെയ്‌തതിനെ തുടർന്നാണ് ക്ലബിന്റെ ഇതിഹാസതാരത്തിനെതിരെ ബാഴ്‌സലോണ ആരാധകർ തിരിഞ്ഞത്. ലയണൽ മെസി ചതിയനും വർഗ്ഗവഞ്ചകനും ആണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർ പറയുന്നത്.

ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ടിൽ എത്തണമെങ്കിൽ വിജയം അനിവാര്യമായിരുന്ന ബാഴ്‌സലോണ തോൽവിയെ മുന്നിൽ കണ്ടെങ്കിലും ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളാണ് സമനിലയെങ്കിലും അവർക്കു നേടിക്കൊടുത്തത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ സമനില വഴങ്ങിയതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവാൻ അടുത്ത രണ്ടു മത്സരങ്ങളിലും വിജയം നേടുകയും ഇന്റർ മിലാൻ പോയിന്റ് നഷ്‌ടപ്പെടുത്തുകയും വേണമെന്ന സാഹചര്യമാണ് ബാഴ്‌സലോണ നേരിടുന്നത്. ആരാധകരിൽ ഇതു കടുത്ത നിരാശ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ബാഴ്‌സലോണക്കെതിരെ ഇന്റർ മിലാനു വേണ്ടി ഒരു ഗോൾ നേടിയത് ലൗടാരോ മാർട്ടിനസായിരുന്നു. ഗോളിന്റെയും നോക്ക്ഔട്ട് സാധ്യതകൾ വർധിപ്പിച്ചതിന്റെയും സന്തോഷം പങ്കു വെക്കാൻ വേണ്ടിയാണ് ലൗടാരോ മാർട്ടിനസ് ചിത്രം പോസ്റ്റു ചെയ്‌തത്‌. ഇതിനു ലയണൽ മെസി ലൈക്ക് ചെയ്‌തു കണ്ടതോടെ താരത്തിനെതിരെ ആരാധകർ തിരിയുകയായിരുന്നു. ഒരു അർജന്റീനിയൻ സഹതാരത്തിന്റെ പോസ്റ്റിനാണ് മെസി ലൈക്ക് ചെയ്‌തതെന്ന പരിഗണന പോലുമില്ലാതെയാണ് മെസിയെ ആരാധകർ വിമർശിക്കുന്നത്.

മെസിയെ ഇന്നു കാണുന്ന താരമായി വളർത്തിയ ബാഴ്‌സലോണയുടെ അവസ്ഥയിൽ മെസിക്ക് യാതൊരു സങ്കടമില്ലെന്നും ക്ലബിനു സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താരം ഓടിപ്പോയെന്നും പറഞ്ഞ ഒരു ആരാധകൻ നാണം കെട്ട വഞ്ചകനാണ് മെസിയെന്ന് ട്വിറ്ററിൽ കുറിക്കുന്നു. മറ്റൊരു ആരാധകൻ എതിരാളികൾക്കൊപ്പം നിൽക്കുന്ന ചതിയനാണ് മെസിയെന്നാണ് കുറിച്ചത്. താരത്തെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമിക്കരുതെന്നാണ് മറ്റൊരു ആരാധകൻ ആവശ്യപ്പെടുന്നത്.

അടുത്ത സമ്മറിൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങളുടെ ഇടയിലാണ് മെസിക്കെതിരെ ബാഴ്‌സ ആരാധകർ തിരിഞ്ഞിരിക്കുന്നത്. ആദ്യമായിട്ടാവും ക്ലബിന്റെ ഇതിഹാസതാരത്തിനെതിരെ ആരാധകർ വിമർശനങ്ങൾ നടത്തുന്നതും. എന്നാൽ അതിനു പിന്നിലെ കാരണങ്ങൾ യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നതാണ് വാസ്‌തവം.

Rate this post