എറിക് അബിദാലിന്റെ പകരക്കാരനെയും നിയമിച്ച് എഫ്സി ബാഴ്സലോണ.

കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട ബാഴ്സയുടെ ടെക്ക്നിക്കൽ ഡയറക്ടർ എറിക് അബിദാലിന്റെ പകരക്കാരനെയും എഫ്സി ബാഴ്സലോണ നിയമിച്ചു. അബിദാലിന്റെ തന്നെ സഹായിയായിരുന്ന റാമോൺ പ്ലാനസിനെയാണ് ബാഴ്സ പുതിയ ടെക്ക്നിക്കൽ ഡയറക്ടർ ആയി നിയമിച്ചത്. ക്ലബിന്റെ ഔദ്യോഗികവെബ്സൈറ്റിലൂടെലാണ് ഇത് പുറത്ത് വിട്ടത്. പുതിയ പരിശീലകനായി റൊണാൾഡ്‌ കൂമാനെ നിയമിച്ച കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിന്റെ തൊട്ട് മുമ്പാണ് ഇദ്ദേഹത്തെ ടെക്ക്നിക്കൽ ഡയറക്ടർ ആയി നിയമിച്ച കാര്യം ബാഴ്സ അറിയിച്ചത്.

സ്പാനിഷുകാരനായ ഇദ്ദേഹം 2018 സമ്മറിൽ ആയിരുന്നു ഗെറ്റാഫെയിൽ നിന്ന് ബാഴ്സയിലേക്ക് അബിദാലിന്റെ സഹായിയായി എത്തിയത്. അമ്പത്തിരണ്ട്കാരനായ ഇദ്ദേഹം മുൻപ് ഒരുപാട് ക്ലബുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബുകളായ എസ്പാനോൾ, റേസിംഗ് സാന്റാന്റർ, അലാവസ്, റയോ വല്ലക്കാനോ, ഏൽക്കേ, ലെയ്ദ എന്നീ ക്ലബുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. 2014-15 സീസണിൽ ടോട്ടൻഹാമിൽ മൗറിസിയോ പോച്ചെട്ടിനോക്ക് ഒപ്പവും പ്രവർത്തിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്.

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടാതെ നോക്കുക എന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കടമ്പ. മെസ്സി ക്ലബ് വിടുമെന്നുള്ള വാർത്തകൾ ഇപ്പോഴും സജീവമാണ്. പിന്നെയുള്ളത് ഈ സീസണിൽ നിലനിർത്തേണ്ട താരങ്ങളെയും ഒഴിവാക്കേണ്ട താരങ്ങളെയും തീരുമാനിക്കുക. ഇത്കൂടാതെ ലൗറ്ററോ മാർട്ടിനെസ്, എറിക് ഗാർഷ്യ എന്നീ താരങ്ങളെ ക്ലബിൽ എത്തിക്കൽ ആണ് ഏറ്റവും വലിയ വെല്ലുവിളി. അത്പോലെ തന്നെ ക്ലബിന് അനുയോജ്യമായ പുതിയ താരങ്ങളെ കണ്ടെത്തുകയും വേണം. ഫലം കാണാത്ത സൈനിംഗുകളും മെസ്സിയുമായിട്ടുള്ള അസ്വാരസ്വങ്ങളുമായിരുന്നു അബിദാലിന്റെ തൊപ്പി തെറിപ്പിച്ചത്. എന്തായാലും ബാഴ്സയുടെ പുനർനിർമാണപ്രക്രിയയിൽ ചെറുതല്ലാത്ത പങ്ക് റാമോൺ വഹിക്കേണ്ടി വരും. ഇദ്ദേഹത്തിന് കീഴിൽ എങ്കിലും ക്ലബിന് ഫലപ്രദമായ തീരുമാനങ്ങളും താരങ്ങളും വരും എന്ന പ്രതീക്ഷയിൽ ആണ് ബാഴ്സ ആരാധകർ.

Rate this post