ഗാർഡിയോളയുടെ പിൻഗാമി ബാഴ്സയിൽ തന്നെയുണ്ടെന്ന് ക്ലബിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി

ബാഴ്സലോണ മെമ്പറും ബിസിനസ്മാനുമായ ലൂയിസ് ഫെർണാണ്ടസ് അല ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള തന്റെ താൽപര്യം വെളിപ്പെടുത്തി. ക്ലബിനെ മികച്ചതാക്കാനുള്ള തന്റെ പദ്ധതികളെ കുറിച്ചും അടുത്ത പരിശീലകനായി ആരു വരണം എന്നതിനെ കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കു വെച്ചു. റേഡിയോ മാർക്കയോടു സംസാരിക്കുകയായിരുന്നു ലൂയിസ് ഫെർണാണ്ടസ് അല.

നിലവിൽ ബാഴ്സ ബി ടീമിന്റെ പരിശീലകനായ ഗാർസിയ പിമിയെന്റയാണ് അടുത്തതായി ബാഴ്സലോണ കോച്ച് ആകേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. “പിമിയെന്റയെ ഞങ്ങൾക്കു വളരെയധികം ഇഷ്ടമാണ്. അടുത്ത പെപ് ഗാർഡിയോളയാകാൻ അദ്ദേഹത്തിനു കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.”

“സ്വന്തം താരങ്ങളിൽ വിശ്വാസമർപ്പിക്കാത്ത പ്രശ്നം ബാഴ്സലോണക്കുണ്ട്. ലാ മാസിയയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു മാറ്റം അനിവാര്യമാണ്. സ്വന്തം താരങ്ങളിൽ വിശ്വാസമർപ്പിച്ചില്ലെങ്കിൽ ടീമിന് ഒരിക്കലും വിജയം നേടാൻ കഴിയില്ല.” ലൂയിസ് ഫെർണാണ്ടസ് പറഞ്ഞു.

അടുത്ത സീസണിലേക്കു വേണ്ട പദ്ധതികൾ നടപ്പിലാക്കാൻ ഇപ്പോഴത്തെ നേതൃത്വം പര്യാപ്തമല്ലെന്നും ബോർഡ് ഇലക്ഷൻ ഉടനടി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു വർഷമായി ബാഴ്സ ഇതിലേക്കുള്ള പാതയിലായിരുന്നു എന്നും ഇപ്പോൾ തകർച്ച പൂർണമായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Rate this post