സുവാരസിനു പകരക്കാനെ കണ്ടെത്തി ബാഴ്സ, താരം യുറുഗ്വയിൽ നിന്നു തന്നെ

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിടേണ്ടി വന്ന സ്ട്രൈക്കർ ലൂയിസ് സുവാരസിനു പകരക്കാരനെ കണ്ടെത്തി കറ്റാലൻ ക്ലബ്‌. പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയുടെ ഇരുപത്തിയൊന്നുകാരൻ സ്ട്രൈക്കറായ ഡാർവിൻ നുനസിനെയാണ് ബാഴ്സ ലക്ഷ്യമിട്ടിരിക്കുന്നത്. ലൂയിസ് സുവാരസിനെ പോലെ നുനസും യുറുഗ്വയിൽ നിന്നുള്ള സ്ട്രൈക്കറാണ്.

ദീർഘകാലമായി ബാഴ്സലോണ ലക്ഷ്യമിടുന്ന സ്ട്രൈക്കറാണ് നുനസ്. സുവാരസ് അറ്റ്ലറ്റികോ മാഡ്രിഡിലേക്കു ചേക്കേറിയപ്പോൾ തന്നെ താരത്തിനായി ബാഴ്സ ശ്രമം നടത്തിയെങ്കിലും ആ നീക്കങ്ങൾ ഫലം കണ്ടില്ല. എന്നാൽ ജനുവരിയിൽ താരത്തിനായി ബാഴ്സ വീണ്ടും ശ്രമം നടത്തുമെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ടു ചെയ്യുന്നത്.

ജോസപ് മരിയോ ബാർട്ടമോ സ്ഥാനം ഒഴിഞ്ഞതിനു പകരമുള്ള പുതിയ പ്രസിഡന്റ് എൺപതു ദിവസത്തിനുള്ളിൽ ബാഴ്സയുടെ തലപ്പത്തെത്തുമെന്നിരിക്കെ അദ്ദേഹത്തിന്റെ സമ്മതത്തോടെയാവും പുതിയ താരത്തെ ബാഴ്സ സ്വന്തമാക്കുക. സ്പോർട്ടിങ്ങ് ഡയറക്ടറായ റാമോൺ പ്ലാൻസിനാണ് നുനസിന്റെ ട്രാൻസ്ഫർ നടത്തുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.

പോർച്ചുഗീസ് ലീഗിൽ തകർപ്പൻ ഫോമിലാണ് നുനസ് കളിക്കുന്നത്. എട്ടു മത്സരങ്ങളിൽ നിന്നും നാലു ഗോളും നാല് അസിസ്റ്റും താരം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ 25 ദശലക്ഷം യൂറോയോളം മുടക്കി ബെൻഫിക്ക സ്വന്തമാക്കിയ താരത്തിനായി വൻതുക ബാഴ്സലോണ മുടക്കേണ്ടി വരുമെന്നതുറപ്പാണ്.