ബാഴ്സയുടെ ഭാവി വാഗ്ദാനം ടീമിൽ നിന്നും പുറത്തു പോകുമെന്നു വ്യക്തമാക്കി കൂമാൻ
ലാ മാസിയയിൽ നിന്നും ഉയർന്നു വന്ന് ബാഴ്സലോണയിലെ ഭാവി താരമാകുമെന്നു പ്രതീക്ഷിച്ചിരുന്ന റിക്കി പുയ്ജ് ഈ സീസണിൽ ടീമിലുണ്ടാകാനുള്ള സാധ്യതകൾ മങ്ങുന്നു. താരം ലോണിൽ മറ്റേതെങ്കിലും ക്ലബിലേക്കു ചേക്കേറുന്നത് ഗുണകരമാണെന്ന് പരിശീലകൻ കൂമാൻ വ്യക്തമാക്കി. ബാഴ്സലോണയിൽ ഈ സീസണിലും തുടരുകയാണെങ്കിൽ അവസരങ്ങൾ കുറയുന്നത് അവരുടെ വളർച്ചയെ ബാധിക്കുമെന്നാണ് കൂമാൻ വ്യക്തമാക്കുന്നത്.
ബാഴ്സയുടെ പതിവു ശൈലിയിൽ നിന്നും വ്യത്യസ്തമായി 4-2-3-1 എന്ന ഫോർമേഷനിലാണ് കൂമാൻ ടീമിനെ ഇറക്കുന്നത്. ഡബിൾ പൈവറ്റായും വിങ്ങുകളിലും കളിപ്പിക്കാൻ കഴിയാത്ത താരത്തിന് ടീമിന്റെ ഫോർമേഷനിൽ ആകെയുള്ള സാധ്യത അറ്റാക്കിംഗ് മിഡ്ഫീൽഡ് ആണ്. എന്നാൽ മെസി, ഗ്രീസ്മാൻ, കുട്ടീന്യോ എന്നിങ്ങനെ ആ പൊസിഷൻ കവർ ചെയ്യാൻ കഴിയുന്ന വമ്പൻ താരങ്ങൾ ടീമിലുള്ളത് പുയ്ജിന്റെ അവസരങ്ങൾ കുറക്കുമെന്നാണ് കൂമാൻ വ്യക്തമാക്കുന്നത്.
Koeman: "Riqui Puig ? I spoke to him yesterday & in my opinion, young players have to play. I told him that it will be difficult for him to play regularly, but I also told him that he has a future here."#RiquiNoSeToca pic.twitter.com/NsEYlsmKeC
— Barca Galaxy (@barcagalaxy) September 19, 2020
“പുയ്ജ് ബാഴ്സയുടെ പദ്ധതികളിൽ ഇല്ലെന്നത് സത്യമല്ല. ഞാൻ എല്ലാ യുവതാരങ്ങളോടും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അവർ കളിക്കണമെന്നും അവസരങ്ങൾ കുറയരുത് എന്നുമുള്ള അഭിപ്രായമാണ് എനിക്കുള്ളത്. പുയ്ജ്, പെഡ്രി, അലേന എന്നിവർക്ക് ഒരുപാട് മത്സരം ടീമിൽ നിന്നും നേരിടേണ്ടി വരും. ലോണിൽ മറ്റേതെങ്കിലും ക്ലബിൽ ചേക്കേറാമെന്ന് പുയ്ജിനോടു ഞാൻ പറഞ്ഞിരുന്നു. യുവതാരങ്ങൾ ബെഞ്ചിൽ കുടുങ്ങിക്കിടക്കാതെ കളിക്കുകയാണ് അവർക്കു നല്ലത്. എന്നാൽ അക്കാര്യത്തിൽ അവസാന തീരുമാനം അവരുടേതാണ്.” കൂമാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എൽഷെക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ പുയ്ജ് ടീമിൽ ഇടം പിടിച്ചിരുന്നില്ല. താരത്തെ ബാഴ്സ ലോണിൽ വിടാൻ തന്നെയാണു സാധ്യതയുള്ളത്. അതേ സമയം കുട്ടീന്യോ, ഫാറ്റി എന്നിവരുടെ പ്രകടനത്തെ കൂമാൻ പ്രശംസിച്ചു. കുറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്ന ഉപദേശവും ഡച്ച് പരിശീലകൻ സ്പാനിഷ് കൗമാര താരത്തിനു നൽകി.