കൂട്ടീഞ്ഞോയുടെ പ്രകടനത്തിൽ താൻ സന്തുഷ്ടൻ, മത്സരം വിജയിക്കാൻ കഴിയുമായിരുന്നുവെന്ന് കൂമാൻ.

ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ ബാഴ്സലോണ സമനില വഴങ്ങിയിരുന്നു. തുടർച്ചയായ രണ്ട് ജയത്തിന് ശേഷം സെവിയ്യയാണ് ബാഴ്സയെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. സെവിയ്യക്ക് വേണ്ടി ലുക്ക് ഡി ജോങ് ഗോൾ നേടിയപ്പോൾ ബാഴ്സക്ക് വേണ്ടി ബ്രസീലിയൻ താരം ഫിലിപ്പെ കൂട്ടീഞ്ഞോയാണ് ഗോൾ കണ്ടെത്തിയത്.

ഇപ്പോഴിതാ മത്സരഫലം ഒന്നൂടെ മെച്ചപ്പെടുത്താൻ തങ്ങൾക്ക് കഴിമായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. സെവിയ്യക്കെതിരെ ഗോൾനേടാനുള്ള മികച്ച അവസരങ്ങൾ ബാഴ്‌സക്ക് ലഭിച്ചിരുന്നുവെന്നും ബാഴ്‌സക്ക് വിജയിക്കാൻ കഴിയുമായിരുന്നുവെന്നും അറിയിച്ചിരിക്കുകയാണ് ഇദ്ദേഹം. കൂടാതെ ഗോൾനേടിയ ഫിലിപ്പെ കൂട്ടീഞ്ഞോയെ പ്രശംസിക്കാനും ഇദ്ദേഹം മറന്നില്ല. താരത്തിന്റെ പരമാവധി മികച്ച കളിയാണ് കൂട്ടിഞ്ഞോ പുറത്തെടുത്തതെന്നും കൂമാൻ പറഞ്ഞു.

” അവർ നല്ല രീതിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും ചില സമയങ്ങളിൽ ഞങ്ങൾ അത് തകർത്തിരുന്നു. അവർ നല്ല രീതിയിൽ പ്രതിരോധിച്ചു എന്ന് മാത്രമല്ല, അവസാനത്തിൽ ഞങ്ങൾ ക്ഷീണിതരാവുകയും ചെയ്തു. പലപ്പോഴും ഞങ്ങൾ ബോളുകൾ നഷ്ടപ്പെടുത്തി. കൃത്യത ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഇന്ന് കൂട്ടീഞ്ഞോ തന്റെ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. അദ്ദേഹം നല്ല രീതിയിൽ കളിച്ചു. അദ്ദേഹം മഹത്തായ താരമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ സന്തുഷ്ടനാണ് ” കൂമാൻ തുടർന്നു.

” അവസാനപത്തു മിനുട്ടിൽ മെസ്സി മൂലം അവിടെ ഞങ്ങൾക്കൊരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. കൂടാതെ രണ്ടോ മൂന്നോ തവണ ഗോൾകീപ്പർ ഞങ്ങളുടെ നീക്കങ്ങൾ തടഞ്ഞിട്ടു. ആദ്യത്തെ രണ്ട് മത്സരങ്ങളെ അപേക്ഷിച്ച് ഞങ്ങൾക്ക് ഇന്ന് ഊർജ്ജം കുറവായിരുന്നു. അത് എതിരാളികളെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. അവർ നല്ല രീതിയിൽ ഡിഫൻഡ് ചെയ്തു, നല്ല കരുത്തരായ താരങ്ങൾ അവർക്കൊപ്പമുണ്ട്. അവരെ തോൽപ്പിക്കണമെങ്കിൽ ഏറ്റവും മികച്ച ഫോമിൽ തന്നെ കളിപ്പിക്കണം, അതിന് ഞങ്ങൾക്ക് സാധിച്ചില്ല ” കൂമാൻ പറഞ്ഞു.

Rate this post