സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ക്യാമ്പ് നൂ സ്റ്റേഡിയത്തിലെ കസേരകൾ വിൽക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു

ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുറച്ചു കാലമായി കടന്നു പോകുന്നതെന്ന് ഏവർക്കുമറിയുന്ന കാര്യമാണ്. ഇതിനു മുൻപത്തെ ക്ലബ് നേതൃത്വം നടത്തിയ ദിശാബോധമില്ലാത്ത സൈനിംഗുകളും വമ്പൻ വേതനബില്ലുകളും ബാഴ്‌സലോണക്ക് തിരിച്ചടി നൽകി. അതിനു പിന്നാലെ കോവിഡ് വന്ന് സ്റ്റേഡിയം അടച്ചിടേണ്ട സാഹചര്യം കൂടി വന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായി.

ടീമിലെ പ്രധാന താരമായ ലയണൽ മെസിയെ ബാഴ്‌സലോണയ്ക്ക് വിട്ടു കൊടുക്കേണ്ടി വന്നതും ഈ സാമ്പത്തിക പ്രതിസന്ധി കാരണം തന്നെയാണ്. പുതിയ കരാറൊപ്പിടാൻ മെസി എത്തിയപ്പോൾ വേതനബില്ലിൽ ഒതുങ്ങില്ലെന്നതിനാൽ താരത്തെ വിട്ടുകൊടുക്കാൻ ബാഴ്‌സലോണ നിർബന്ധിതരായി. അതിനു ശേഷം ക്ലബിന്റെ പല ആസ്തികൾ നിശ്ചിത കാലത്തേക്ക് വിറ്റാണ് ബാഴ്‌സലോണ പുതിയ താരങ്ങളെ സ്വന്തമാക്കിയത്.

എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബാഴ്‌സലോണ ഇപ്പോഴും പൂർണമായും മോചിതരായിട്ടില്ല. ക്ലബ്ബിന്റെ വേതനബില്ലിലെ കുഴപ്പങ്ങൾ കാരണം ഗാവിയെ രെജിസ്റ്റർ ചെയ്യാൻ സങ്കീർണതകൾ നേരിട്ടത് അതിന്റെ ഭാഗമായാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബാഴ്‌സലോണ തങ്ങളുടെ സ്റ്റേഡിയമായ ക്യാമ്പ് നൂവിലെ കസേരകൾ വിറ്റ് അതിനെ മറികടക്കാൻ ശ്രമിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ജേർണലിസ്റ്റായ അഷ്‌റഫ് ബെൻ അയാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഇതുകൊണ്ടു കഴിയുമെന്നാണ് ബാഴ്‌സലോണ കരുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ലാ ലീഗ്‌ പറയുന്നത് പ്രകാരം ബാഴ്‌സലോണ അവരുടെ വേതനബില്ലിൽ നിന്നും ഇരുനൂറു മില്യൺ കൂടി കുറക്കണമെന്നതാണ് ഈ പ്രതിസന്ധി വരാൻ കാരണമായത്. സ്റ്റേഡിയം പുതുക്കിപ്പണിയാനുള്ള ഉദ്ദേശവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

അതേസമയം ബാഴ്‌സലോണ കൂടുതൽ സാമ്പത്തികനഷ്‌ടം വരും വർഷങ്ങളിൽ അഭിമുഖീകരിക്കാൻ പോവുകയാണ്. തൊണ്ണൂറായിരത്തോളം സിറ്റിങ് കപ്പാസിറ്റിയുള്ള ക്യാമ്പ് ന്യൂ സ്റ്റേഡിയത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മറ്റൊരു സ്റേഡിയത്തിലാവും അവർ ഹോം മത്സരങ്ങൾ കളിക്കുക. ക്യാമ്പ് നൂവിനെ അപേക്ഷിച്ച് നാല്പത്തിനായിരത്തിലധികം സിറ്റിങ് കപ്പാസിറ്റി കുറവാണെന്നത് ക്ലബിന്റെ ടിക്കറ്റ് വരുമാനത്തെ ബാധിക്കും.

Rate this post