“ചെയ്യാനുള്ളതെല്ലാം ഞങ്ങൾ ചെയ്‌തിരിക്കും”- മെസിയുടെ കാര്യത്തിൽ കൂടുതൽ പ്രതീക്ഷ നൽകി ബാഴ്‌സലോണ മേധാവി

ലയണൽ മെസിയുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ മാറിയിട്ടില്ല. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കാത്തതാണ് സംശയങ്ങൾക്ക് ഇടവരുത്തുന്നത്. പുതിയ കരാർ പിഎസ്‌ജി താരത്തിന് നൽകിയെങ്കിലും അതിൽ ഒപ്പിടാൻ മെസി ഇതുവരെയും തയ്യാറായിട്ടില്ലെന്നും താരം തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പിഎസ്‌ജിയിൽ വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതും ചാമ്പ്യൻസ് ലീഗ് തോൽവിക്കു പിന്നാലെ ആരാധകർ തനിക്കെതിരെ തിരിഞ്ഞതുമെല്ലാം മെസിയുടെ മനസ് മടുപ്പിക്കുന്ന കാര്യങ്ങളാണ്. അതാണ് താരത്തിന് ഫ്രാൻസിൽ തുടരാൻ താല്പര്യമില്ലാത്തതിന്റെ പ്രധാന കാരണവും. അതിനിടയിൽ ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബാഴ്‌സലോണ ഇപ്പോൾ കടന്നു പോകുന്നത്. അതിനാൽ തന്നെ മെസിയെ എങ്ങിനെ സ്വന്തമാക്കാൻ കഴിയുമെന്ന ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. എന്നാൽ മെസിക്കു വേണ്ടിയുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നുമാണ് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ പറയുന്നത്.

“ഞങ്ങൾ ഞങ്ങളുടെതായ കാര്യങ്ങൾ ചെയ്യും, മെസിക്ക് ചെയ്യാനുള്ളത് മെസിയും ചെയ്യും. മെസി ഇപ്പോൾ പാരീസിലാണുള്ളത്, പക്ഷെ ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്കൊരിക്കലും മനസിലാകില്ല. ബാഴ്‌സലോണയിൽ താരത്തിന് ലഭിച്ച സ്നേഹത്തെ ആർക്കാണ് ചോദ്യം ചെയ്യാൻ കഴിയുക. മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്.” മാറ്റിയോ അലൈമണി കഴിഞ്ഞ ദിവസം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധികളുടെ ഇടയിലും ബാഴ്‌സലോണ മെസിക്കായി ശ്രമം നടത്തുന്നുണ്ടെന്നത് ശുഭസൂചനയാണ്. ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ തന്റെ പ്രതിഫലം വെട്ടിക്കുറക്കാനും മെസി തയ്യാറാണ്. സ്‌പോൺസർഷിപ്പ് കരാറുകൾ വഴി മെസിയെ സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കാനാണ് ബാഴ്‌സലോണ നേതൃത്വം നീക്കങ്ങൾ നടത്തുന്നത്.

Rate this post