❝ലയണൽ മെസ്സിയെ വിട്ടു കളഞ്ഞ് ബാഴ്സലോണ ചെയ്തത് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം❞

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേണിനോട് പരാജയപ്പെട്ടതോടുകൂടി എഫ്സി ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിനോട് ബൈ പറയേണ്ടി വന്നിരുന്നു. ഇത് തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സ ചാമ്പ്യൻ ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്നത്. ഇത്തവണയും ബാഴ്സ ഇനി യൂറോപ ലീഗിലാണ് കളിക്കുക.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ലയണൽ മെസ്സിയുടെ അഭാവമാണ്. അതായത് ലയണൽ മെസ്സി ബാഴ്സ വിട്ടതിനു ശേഷം ബാഴ്സക്ക് പിന്നീട് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിഞ്ഞിട്ടില്ല.രണ്ട് തവണയും ബാഴ്സക്ക് യൂറോപ ലീഗ് കളിക്കേണ്ടി വരികയായിരുന്നു. മെസ്സി അരങ്ങേറ്റം കുറച്ചതിനു ശേഷം ബാഴ്സ യൂറോപ ലീഗിലേക്ക് പിന്തള്ളപെട്ടിട്ടില്ലായിരുന്നു. എന്നാൽ മെസ്സി ക്ലബ്ബ് വിട്ടതോടുകൂടി ബാഴ്സക്ക് വീണ്ടും കാലിടറി തുടങ്ങി.

ഈ കാര്യത്തെക്കുറിച്ച് ഡയറക്ട് സ്പോർട്സ് ടിവിയിലെ ഫുട്ബോൾ നിരീക്ഷകനായ പാബ്ലോ ഗിറാൾട്ട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് എഫ്സി ബാഴ്സലോണ തങ്ങളുടെ ചരിത്രത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് ലയണൽ മെസ്സിയെ വിട്ടു കളഞ്ഞതാണ് എന്നാണ് ഇദ്ദേഹം ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

‘ ഒരിക്കൽ കൂടി ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായിരിക്കുന്നു. മെസ്സിയില്ലാത്ത രണ്ട് സീസണുകളിലും ബാഴ്സക്ക് യൂറോപ ലീഗ് കളിക്കേണ്ടിവരുന്നു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.മെസ്സിയില്ലെങ്കിൽ ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിൽ ഒന്നുമില്ല. എഫ്സി ബാഴ്സലോണ ചെയ്ത ചരിത്രപരമായ തെറ്റ് എന്നുള്ളത് ലയണൽ മെസ്സി കളിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ അദ്ദേഹത്തെ കൈവിട്ടു കളഞ്ഞു എന്നുള്ളതാണ് ‘ ഗിറാൾട്ട് പറഞ്ഞു.

ബാഴ്സയുടെ ഈയൊരു മോശം അവസ്ഥക്ക് ഒരുപാട് കാരണങ്ങളുണ്ടാവാം.പക്ഷേ അതിൽ പ്രധാനപ്പെട്ട കാരണം ലയണൽ മെസ്സിയുടെ അഭാവം തന്നെയാണ്. പല ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലും ലയണൽ മെസ്സി ഒറ്റയ്ക്ക് ബാഴ്സയെ തോളിലേറ്റിയ ചരിത്രമുണ്ട്.

Rate this post