ബാഴ്സലോണ യൂറോപ്പ ലീഗിൽ : ഇന്റർ മിലാൻ അവസാന പതിനാറിൽ : മിന്നുന്ന ജയവുമായി നാപോളിയും ലിവർപൂളും : ടോട്ടൻഹാമിന് സമനില
യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണയെ 3-0ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് ഗ്രൂപ്പ് ജേതാക്കളായി ചാമ്പ്യൻസ് ലീഗ് റൗണ്ട് 16-ലേക്ക് മുന്നേറി.ഇന്റർ മിലാൻ വിക്ടോറിയ പ്ലസനെ 4-0 ന് തോൽപ്പിച്ചതിന് ശേഷം തുടർച്ചയായ രണ്ടാം വർഷവും നോക്കൗട്ട് റൗണ്ടിൽ എത്താൻ സാധ്യതയില്ലെന്ന് അറിഞ്ഞാണ് സാവി ഹെർണാണ്ടസിന്റെ ടീം മത്സരത്തിനിറങ്ങിയത്.
സാഡിയോ മാനെ, എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങ്, ബെഞ്ചമിൻ പാവാർഡ് എന്നിവരാണ് ബയേണിനായി ഗോളുകൾ നേടിയത്.ബയേൺ ഒരു കളി ശേഷിക്കെ 15 പോയിന്റുമായി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി, ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തെത്തി. ബാഴ്സലോണ മൂന്നാമതാണ്. മത്സരത്തിലിന്റെ 10 ആം മിനുട്ടിൽ സെർജ് ഗ്നാബ്രിയുടെ ത്രൂ ബോളിൽ നിന്നും മാനെ ബയേണിനെ മുന്നിലെത്തിച്ചു. 31 ആം മിനുറ്റിൽ സാദിയോ മാനേയുടെ പാസിൽ നിന്നും ചൗപോ-മോട്ടിങ്ങ് ബയേണിന്റെ ലീഡ് ഉയർത്തി.
ഇഞ്ചുറി ടൈമിൽ ഫ്രഞ്ച് താരം പാവാർഡ് മൂന്നാമത്തെ ഗോളും നേടി വിജയം പൂർത്തിയാക്കി.2015-ൽ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം, 2019-ൽ ഒരു തവണ മാത്രമാണ് ബാഴ്‌സ സെമിയിലെത്തിയത്. 2020-ലെ ക്വാർട്ടർ ഫൈനലിൽ ബയേണിനോട് 8-2 ന് തോറ്റ ബാഴ്‌സ 2021-ൽ PSG 16-ാം റൗണ്ടിൽ പുറത്തായി. കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഗ്രൂപ്പ് ഘട്ടം കടക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ലയണൽ മെസ്സി പാരീസിലേക്ക് പോകുകയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുഴുവൻ ക്ലബ് ബോർഡിന്റെയും രാജിയിലേക്ക് നയിച്ചതിന് പിന്നാലെയാണ് ബാഴ്‌സ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. എന്നാൽ ഈ സീസണിൽ, റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിൻഹ, ജൂൾസ് കൗണ്ടെ എന്നിവരുടെ വൻ തുകയ്‌ക്ക് സൈനിംഗിനെത്തുടർന്ന് മികച്ച ഫലം പ്രതീക്ഷിച്ചിരുന്നു.ഗ്രൂപ്പിലെ അഞ്ച് കളികളിൽ ഒന്നിൽ മാത്രമേ അവർ ഇതുവരെ വിജയിച്ചിട്ടുള്ളൂ.തുടർച്ചയായ രണ്ടാം വർഷവും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ശേഷം അവർ രണ്ടാം ടയർ യൂറോപ്പ ലീഗിലേക്ക് പോകും.
മറ്റൊരു മത്സരത്തിൽ വിക്ടോറിയ പ്ലെസനെതിരായ എഡിൻ ഡിസെക്കോ ഇരട്ട ഗോളിന് ഹോം ഗ്രൗണ്ടിൽ 4-0ന് ജയിച്ചതിന് ശേഷം ഇന്റർ മിലാൻ നോക്ക് ഔട്ട് റൗണ്ടിലേക്ക് മുന്നേറി.ഹെൻറിഖ് മഖിതാര്യൻ (35′) എഡിൻ ഡിസെക്കോ (42′, 66′) റൊമേലു ലുക്കാക്കു (87′) എന്നിവരാണ് ഇന്ററിനായി ഗോളുകൾ നേടിയത്.
അയാക്‌സിനെതിരെ 3-0ന് വിജയിച്ച ലിവർപൂൾ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ സ്ഥാനം ഉറപ്പിച്ചു.പ്രീമിയർ ലീഗ് ടീം നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 1-0 ന് തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ ഇന്നലെ മിന്നുന്ന പ്രകടനമാണ് ആംസ്റ്റർഡാമിൽ പുറത്തെടുത്തത്. 42 ആം മിനുട്ടിൽ ഹെൻഡേഴ്സന്റെ പാസ്സി ൽനിന്നും സല ലിവർപൂളിന് ലീഡ് നേടിക്കൊടുത്തു. 49 ആം മിനുട്ടിൽ കോർണറിൽ നിന്നും നൂനസ് നേടിയ ഗോളിൽ ലിവർപൂൾ ലീഡ് ഉയർത്തി. 51 ആം മിനുട്ടിൽ സലയുടെ പാസിൽ നിന്നും ഹാർവി എലിയട്ട് മൂന്നാം ഗോളും നേടി.ഗ്രൂപ്പ് ഘട്ടത്തിൽ കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങളിൽ ആറ് മത്സരങ്ങളും ജയിച്ച അയാക്‌സ് ഈ സീസണിൽ ഗ്രൂപ്പ് എയിൽ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്.
നവംബർ 1-ന് ആൻഫീൽഡിൽ നാപ്പോളിക്കെതിരെ ലിവർപൂൾ അവരുടെ അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരം കളിക്കും,ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നാപോളി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റേഞ്ചേഴ്സിനെ പരാജയപ്പെടുത്തി. വിജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇറ്റാലിയൻ ടീമിനായി.(11′, 16′) മിനിറ്റുകളിൽ അര്ജന്റീന സ്‌ട്രൈക്കർ ജിയോവന്നി സിമിയോണിയും 80 ആം മിനുട്ടിൽ ലിയോ ഓസ്റ്റിഗാർഡുമാണ് നാപോളിയുടെ ഗോളുകൾ നേടിയത്.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബനും ടോട്ടൻഹാമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അഞ്ചു മത്സരങ്ങളിൽ നിന്നും എട്ടു പോയിന്റുമായി ടോട്ടൻഹാം ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. 22 ആം മിനുട്ടിൽ മാർക്കസ് എഡ്വേർഡ്സ് നേടിയ ഗോളിൽ സ്പോർട്ടിങ് ലീഡെടുത്തെങ്കിലും 80 ആം മിനുട്ടിൽ മിഡ്‌ഫീൽഡർ റോഡ്രിഗോ ബെന്റാൻകൂറിന്റെ ഹെഡ്ഡർ ടോട്ടൻഹാമിന് സമനില നേടിക്കൊടുത്തു. 5 മത്സരണങ്ങളിൽ 7 പോയിന്റുമായി സ്പോർട്ടിങ് രണ്ടാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ മാഴ്സെയെ 2-1 ന് മറികടന്ന് നോക്ക് ഔട്ട് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്.ഈ വിജയം നിലവിലെ യൂറോപ്പ ലീഗ് ചാമ്പ്യൻമാരെ ഏഴ് പോയിന്റിലേക്ക് ഉയർത്തി. ഫ്രാങ്ക് ഫെർട്ടിന് ഏഴും മാഴ്സെക്ക് ആറും പോയിന്റാണ് ഉള്ളത്.ദൈചി കാമദ (3′)റാൻഡൽ കോലോ മുവാനി (27′) എന്നിവർ ഫ്രാങ്ക്ഫർട്ടിനായി ഗോളുകൾ നേടിയപ്പോൾ മാറ്റിയോ ഗ്വെൻഡൂസി (22′) മാഴ്സെയുടെ ഗോൾ നേടി.ഗ്രൂപ്പിൽ നിന്നും ആരെല്ലാം അവസാന പതിനാറിൽ കടക്കും എന്നത് അവസാന മത്സര ദിനത്തിൽ തീരുമാനിക്കും.