ബാഴ്‌സലോണയിൽ മെസിക്കു വേണ്ടിയുള്ള ആർപ്പുവിളികൾ നിലക്കുന്നില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും മെസി ചാന്റുകൾ

ലയണൽ മെസിയാണ് ഫുട്ബോൾ ലോകത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കാൻ പോകുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. താരത്തിന് പിഎസ്‌ജിയിൽ തുടരാൻ താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ താരം യൂറോപ്പിലെ മറ്റു ക്ളബുകളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ട്.

മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ അതിനിടയിൽ ശക്തമായി ഉയർന്നു വരുന്നുണ്ട്. ബാഴ്‌സലോണ നേതൃത്വത്തിലുള്ള പലരും ലയണൽ മെസി തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന രീതിയിലുള്ള പ്രതികരണം നടത്തിയിരുന്നു. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് അടക്കമുള്ളവർ പറഞ്ഞത്.

അതിനിടയിൽ ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള സമ്മർദ്ദം ബാഴ്‌സലോണ ആരാധകരും ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജിറോണക്കെതിരെ നടന്ന ലീഗ് മത്സരത്തിന്റെ പത്താം മിനുട്ടിൽ മെസിക്ക് വേണ്ടി ക്യാമ്പ് നൂവിലെ ആരാധകർ ചാന്റുകൾ ഉയർത്തിയിരുന്നു. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിലും മെസിക്ക് വേണ്ടി ചാന്റുകൾ ഉയർന്നതിനു പിന്നാലെയാണ് ഇന്നലെയും ആരാധകർ മെസിക്ക് വേണ്ടി ആർത്തു വിളിച്ചത്.

പിഎസ്‌ജി ആരാധകർ മെസിക്കെതിരെ തിരിഞ്ഞു നിൽക്കുമ്പോഴാണ് ബാഴ്‌സലോണ ആരാധകർ തങ്ങളുടെ പിന്തുണ താരത്തിന് വീണ്ടും വീണ്ടും നൽകുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതിനു പിന്നാലെ ലയണൽ മെസിയെ തുടർച്ചയായ മത്സരങ്ങളിൽ പിഎസ്‌ജി ആരാധകർ കൂക്കി വിളിക്കുമ്പോൾ ലയണൽ മെസിക്ക് തുടർച്ചയായ മത്സരങ്ങളിൽ പിന്തുണ നൽകുകയാണ് ബാഴ്‌സലോണ ആരാധകർ.

അതേസമയം മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ശക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോവുകയാണെങ്കിലും സ്‌പോൺസർഷിപ്പ് കരാറുകൾ വെച്ച് മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങൾ ക്ലബ് നടത്തുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.

5/5 - (1 vote)