ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയാവിഷ്‌കരിച്ച് ബാഴ്‌സലോണ

2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ലയണൽ മെസിക്ക് പുതിയ കരാർ നൽകാൻ ബാഴ്‌സലോണക്കു കഴിയാതിരുന്നത്. ഇതേത്തുടർന്ന് രണ്ടു വർഷത്തെ കരാറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരം അടുത്ത സമ്മറിൽ ഫ്രീ ഏജന്റാവും എന്നിരിക്കെയാണ് താരത്തെ വീണ്ടും ടീമിലേക്കെത്തിക്കാൻ ബാഴ്‌സലോണ നീക്കങ്ങൾ ആരംഭിക്കുന്നത്.

കാറ്റലൻ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ടീമിലെ സീനിയർ താരങ്ങളെ ഒഴിവാക്കി വേതനബിൽ കുറച്ച് ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്. പ്രതിരോധതാരം ജെറാർഡ് പിക്വ, ലെഫ്റ്റ് ബാക്കായ ജോർദി ആൽബ, മധ്യനിരതാരം സെർജിയോ ബുസ്‌ക്വറ്റ്സ് എന്നീ താരങ്ങളെയാണ് ബാഴ്‌സലോണ ഇതിന്റെ ഭാഗമായി ടീമിൽ നിന്നും ഒഴിവാക്കുക. ഈ മൂന്നു താരങ്ങളിൽ ടീമിന്റെ നായകൻ കൂടിയായ സെർജിയോ ബുസ്‌ക്വറ്റ്‌സിനു മാത്രമേ ബാഴ്‌സലോണ ടീമിൽ ഈ സീസണിൽ അവസരങ്ങൾ ലഭിക്കുന്നുള്ളൂ.

ഈ മൂന്നു താരങ്ങളെ ഒഴിവാക്കുന്നതിലൂടെ ക്ലബിന്റെ വേതനബിൽ കുറക്കാൻ ബാഴ്‌സലോണക്ക് കഴിയും. നിലവിൽ ബാഴ്‌സലോണയുടെ വേതനബിൽ 546 മില്യൺ പൗണ്ടാണെന്ന് സ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതിൽ നിന്നും 150 മില്യൺ പൗണ്ട് എങ്കിലും കുറച്ച് 376 മുതൽ 402 മില്യൺ പൗണ്ട് വരെയായി വേതനബിൽ കുറക്കാം എന്ന പദ്ധതിയാണ് ക്ലബിനുള്ളത്. ഈ മൂന്നു താരങ്ങളും ബാഴ്‌സയുടെ ഇതിഹാസങ്ങൾ ആണെങ്കിലും സാവിയുടെ പദ്ധതികളിൽ ഇവർക്ക് ഇടമില്ലാത്തതിനാൽ ഈ സീസണിനപ്പുറം ക്ലബിൽ തുടരാൻ സാധ്യതയില്ല.

അതേസമയം ബാഴ്‌സലോണയുടെ സാമ്പത്തികപ്രതിസന്ധികൾ അവസാനിക്കാൻ രണ്ടുവർഷം കൂടി വേണ്ടി വരുമെങ്കിലും ഫ്രീ ഏജന്റാകുന്ന ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശേഷിയുണ്ടെന്നാണ് ക്ലബിന്റെ സാമ്പത്തികവിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ എഡ്വേർഡ് റോമിയൂ പറയുന്നത്. എന്നാൽ താരത്തെ തിരിച്ചെത്തിക്കണോ എന്ന കാര്യത്തിൽ അവസാന തീരുമാനം എടുക്കുക കോച്ചിങ് സ്റ്റാഫുകളും ക്ലബ് നേതൃത്വവുമായിരിക്കുമെന്നും മെസി എക്കാലവും ക്ലബിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് തിരിച്ചു വരവിന്റെ പാതയിലുള്ള ബാഴ്‌സലോണ ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി മിന്നുന്ന പ്രകടനം നടത്തുമ്പോൾ ആകെ ഒരു മത്സരത്തിൽ മാത്രമേ ബാഴ്‌സലോണ തോൽവി വഴങ്ങിയിട്ടുള്ളൂ. സാവി മികച്ച പ്രകടനം ടീമിനെക്കൊണ്ട് നടത്തിക്കുന്നുണ്ട് എന്നതിനാൽ തന്നെ മെസിയും ക്ലബിൽ തിരിച്ചെത്തണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുമുണ്ട്.

Rate this post