ലയണൽ മെസിയുടെ പിതാവുമായി കൂടിക്കാഴ്‌ച നടത്തിയതായി സ്ഥിരീകരിച്ച് ബാഴ്‌സലോണ പ്രസിഡന്റ്

ലയണൽ മെസി ഈ സീസണു ശേഷം പിഎസ്‌ജിയിൽ തുടരുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കരാർ പുതുക്കുന്ന കാര്യത്തിൽ പിഎസ്‌ജിയുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും അതിൽ തീരുമാനമൊന്നും ആയിട്ടില്ല. അതിനിടയിൽ മെസി ഈ സീസണു ശേഷം പിഎസ്‌ജി വിടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

അതിനിടയിൽ മെസിയും മെസിയുടെ പിതാവും അടുത്തടുത്ത ദിവസങ്ങളിൽ ബാഴ്‌സലോണ സന്ദർശിച്ചത് താരം മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായിരുന്നു. ഇപ്പോൾ മെസിയുടെ പിതാവുമായി കൂടിക്കാഴ്‌ച നടത്തിയ വിവരം ബാഴ്‌സലോണ പ്രസിഡന്റ് തന്നെ സ്ഥിരീകരിച്ചത് താരം ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.

“ജോർജ് മെസിയെ ഞാൻ കണ്ടിരുന്നു, ശരിയാണത്. ഞങ്ങൾ ലോകകപ്പിനെ കുറിച്ചും മെസിക്ക് ആദരവ് നൽകാൻ ഒരു മത്സരം സംഘടിപ്പിക്കുന്നതിനെ പറ്റിയും സംസാരിച്ചു. മെസിയിപ്പോൾ പിഎസ്‌ജി താരമാണ്. താരം ക്ലബ്ബിലേക്ക് തിരിച്ചു വരുമോ, ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്കിപ്പോൾ സംസാരിക്കാൻ കഴിയില്ല.” ലപോർട്ട കഴിഞ്ഞ ദിവസം പറഞ്ഞു.

പിഎസ്‌ജിയുമായി ലയണൽ മെസി കരാർ പുതുക്കാൻ വൈകുന്നതും താരത്തിന്റെ പിതാവുമായി ബാഴ്‌സലോണ പ്രസിഡന്റ് കൂടിക്കാഴ്‌ച നടത്തിയതുമെല്ലാം കാറ്റലൻ ക്ലബിന്റെ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. അതിനിടയിൽ പിഎസ്‌ജി കരാർ പുതുക്കാൻ നൽകിയ ആദ്യത്തെ ഓഫർ മെസി നിഷേധിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

എന്നാൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിയുമോയെന്നത് ഇപ്പോഴും സംശയമുള്ള കാര്യമാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ക്ലബിന് മെസിയെപ്പോലെ വലിയ പ്രതിഫലം വാങ്ങുന്ന താരത്തെ ടീമിലെത്തിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ മെസി ക്ലബ്ബിലേക്ക് തിരിച്ചു വരണമെന്നാണ് ഓരോ ആരാധകനും ആഗ്രഹിക്കുന്നതെന്ന് കാര്യത്തിൽ സംശയമില്ല.

3.3/5 - (15 votes)