നാണം കെട്ട തോൽവിയുമായി ബാഴ്സലോണ ; സമനിലയിൽ കുരുങ്ങി റയൽ മാഡ്രിഡ് ; സ്വന്തം ഗ്രൗണ്ടിൽ തോൽവിയോടെ യുവന്റസ്
എൽ ക്ലാസികോ പരാജയത്തിന്റെ ക്ഷീണം മാറും മുമ്പ് ബാഴ്സലോണക്ക് ഒരു നാണംകെട്ട തോൽവി കൂടെ.20 വർഷങ്ങൾക്കു ശേഷം റയോ വല്ലേക്കാനോ ബാഴ്സലോണയെ തോൽപ്പിച്ചു.ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണയുടെ തോൽവി.. ബാഴ്സലോണ ആരാധകർക്ക് താങ്ങാൻ കഴിയുന്നതിലും വലിയ പരാജയമാകും ഈ പ്രൊമോട്ടട് ടീമിനോടുള്ള തോൽവി. മറുപടിയില്ലാത്ത ഒരു ഗോളിനായുരുന്നു റയോയുടെ വിജയം. കൊളംബിയൻ താരം ഫാൽകാവോ ആണ് ഇന്ന് വിജയ ഗോൾ നേടിയത്.
കളിയുടെ 30ആം മിനുട്ടിൽ ആയിരുന്നു ഫാൽകാവോയുടെ ഗോൾ. താരത്തിന്റെ ലീഗിലെ നാലാം ഗോളാണ് ഇത്.രണ്ടാം പകുതിയിൽ ഒരു പെനൾട്ടിയിലൂടെ ഗോൾ മടക്കാൻ ബാഴ്സലോണക്ക് അവസരം ലഭിച്ചു. എന്നാൽ ഡിപായ് എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. സ്റ്റോൾ ദിമിട്രെവെസ്കി ആ പെനാൾട്ടി സേവ് ചെയ്തത് ബാഴ്സലോണയുടെ പരാജയം ഉറപ്പിച്ചു. ലീഗ് നവംബറിലേക്ക് കടക്കുമ്പോൾ ബാഴ്സലോണ ആകെ നാലു മത്സരം ആണ് ഇതുവരെ വിജയിച്ചത്. 15 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ് അവർ. റയോ വലെകാനോ 19 പോയിന്റുമായി ലീഗിൽ അഞ്ചാമത് ഉണ്ട്.
ലാലിഗയിൽ പ്രമുഖരെല്ലാം പോയിന്റ് നഷ്ടപ്പെടുത്ത മാച്ച് വീക്കിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ലാലിഗയിൽ ഒസാസുനയെ നേരിട്ട റയൽ മാഡ്രിഡ് ഗോൾ രഹിത സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. സ്വന്തം ഗ്രൗണ്ടിലാണ് റയൽ മാഡ്രിഡിന് ഈ നിരാശയാർന്ന ഫലം. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ റയലിന് ഇന്നായില്ല. വിജയിച്ചില്ല എങ്കിലും ഇപ്പോഴും റയൽ മാഡ്രിഡ് ആണ് ലീഗിൽ ഒന്നാമത്. 21 പോയിന്റാണ് റയലിന് ഉള്ളത്. സെവിയ്യ, റയൽ ബെറ്റിസ്, സോസിഡാഡ് എന്നീ ടീമുകൾക്കും 21 പോയിന്റ് വീതം ഉണ്ട്.
സീരി എയിൽ യുവന്റസിന്റെ വിഷമഘട്ടം തുടരുകയാണ്. സ്വന്തം ഗ്രൗണ്ടിൽ അവർ സസുവോളോയ്യോട് പരാജയപ്പെട്ടു.ഇഞ്ച്വറി ടൈമിൽ ഒരു കൗണ്ടർ അറ്റാക്ക് ഗോളിൽ ആണ് സസുവോളോ വിജയം നേടിയത്. ഇന്ന് 44ആം മിനുട്ടിൽ ഫ്രറ്റെസിയിലൂടെ സസുവോളോ ആണ് ടൂറിനിൽ ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ അമേരിക്കൻ താരം മക്കെന്നിയിലൂടെ ഒരു ഗോൾ മടക്കാൻ യുവന്റസിനായി. സമനില കിട്ടിയ യുവന്റസ് വിജയത്തിനായി ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സസുവോളോ വിജയ ഗോൾ നേടിയത്. ബെറാഡിയുടെ അസിസ്റ്റിൽ നിന്ന് ലോപ്പസ് ആണ് വിജയ ഗോൾ സ്കോർ ചെയ്തത്. പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിന്ന് പരുങ്ങുകയാണ് യുവന്റസ്. 14 പോയിന്റുമായി സസുവോളോ തൊട്ടു പിറകിൽ ഉണ്ട്.
മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എംപോളിയെ പരാജയപ്പെടുത്തി.34-ാം മിനിറ്റിൽ ഡാനിലോ ഡി അംബ്രോസിയോയുടെ ഹെഡ്ഡറും 66-ാം മിനിറ്റിൽ ഫെഡറിക്കോ ഡിമാർക്കോ നേടിയ ഗോളുകക്കായിരുന്നു ഇന്ററിന്റെ ജയം. മറ്റു മത്സരങ്ങളിൽ പെഡ്രോ നേടിയ ഏക ഗോളിന് ലാസിയോ ഫിയോറെന്റീനയെ പരാജയപ്പെടുത്തി. റോമാ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കാഗ്ലിയറിയെ പരാജയപ്പെടുത്തി.