ഗോളുമായി ഫെലിക്‌സും കാൻസലോയും, അഞ്ചടിച്ച് ബാഴ്സലോണ : ഡെർബിയിൽ എസി മിലാനെ തകർത്ത് ഇന്റർ മിലാൻ : നാപോളിക്ക് സമനില : അത്ലറ്റികോ മാഡ്രിഡിന് തോൽവി

ലാ ലിഗയിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ തുടക്കം കുറിച്ചതിന് ശേഷം ജോവോ ഫെലിക്സും ജോവോ കാൻസലോയും മത്സരത്തിൽ സ്കോർ ചെയ്തു.

സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ലോണിൽ ആണ് ഇരു താരങ്ങളും ബാഴ്‌സലോണയിൽ ചേർന്നത്.25-ാം മിനിറ്റിൽ ഫെലിക്‌സ് സ്‌കോർ ചെയ്‌തു, തുടർന്ന് റോബർട്ട് ലെവൻഡോവ്‌സ്‌കി 32-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി.62- ആം മിനുട്ടിൽ ഫെറാൻ ടോറസ് മൂന്നാം ഗോൾ കൂട്ടിച്ചേർത്തു.ഫ്രീകിക്കിൽ നിന്നുമാണ് സ്പാനിഷ് തരാം ഗോൾ നേടിയത്.2021 മെയ് മാസത്തിൽ ലയണൽ മെസ്സിക്ക് ശേഷം ബാഴ്‌സലോണയുടെ ആദ്യ ഫ്രീ കിക്ക് ഗോളായിരുന്നു ഇത്.

ഈ സീസണിൽ മൂന്ന് ഗോളുകൾ നേടി ലെവൻഡോക്‌സിക്കൊപ്പം ബാഴ്‌സലോണയെ നയിക്കുന്ന ഫെറൻ ടോറസ് ചൊവ്വാഴ്ച ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ സ്‌പെയിനിനായി രണ്ട് ഗോളുകൾ നേടി.ടോറസിന് പകരക്കാരനായി ഇറങ്ങിയ റാഫിൻഹ 66 ആം മിനുട്ടിൽ നാലാം ഗോൾ നേടി.81-ാം ആം മിനുട്ടിൽ കാൻസെലോ അഞ്ചാം ഗോൾ കൂട്ടിച്ചേർത്തു.ഞായറാഴ്ച റയൽ സോസിഡാഡുമായി കളിക്കുന്ന റയൽ മാഡ്രിഡിനേക്കാൾ ഒരു പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ.

മറ്റൊരു മത്സരത്തിൽ വലൻസിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി.ഹ്യൂഗോ ഡ്യുറോയുടെ ആദ്യ പകുതിയിലെ ഇരട്ട ഗോളുകളും ജാവി ഗുരേരയുടെ ഒരു ഗോളും വലൻസിയക്ക് വിജയമൊരുക്കികൊടുത്തു. ഈ സീസണിലെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ ലാ ലിഗ തോൽവിയാണിത്.2014ന് ശേഷം അത്‌ലറ്റിക്കോയ്‌ക്കെതിരെ വലൻസിയ നേടുന്ന ആദ്യ വിജയമാണിത്. വിജയത്തോടെ വലൻസിയ ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി.ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ഡീഗോ സിമിയോണിയുടെ ടീം, സെപ്റ്റംബർ 24 ന് റയൽ മാഡ്രിഡിനെതിരായ അവരുടെ ലീഗ് ഡെർബിക്ക് മുമ്പ് ചൊവ്വാഴ്ച ലാസിയോയിൽ ചാമ്പ്യൻസ് ലീഗ് കളിക്കും.

സീരി എയിൽ മിലൻ ഡെർബിയിൽ എസി മിലാനെ 5-1ന് തകർത്ത് ഇന്റർ മിലൻ. ഇന്ററിനായി ഹെൻറിഖ് മിഖിതാര്യൻ രണ്ട് ഗോളുകൾ നേടി.തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങളും ഗോൾ വഴങ്ങാതെ ജയിച്ച ഇന്റർ നാല് കളികളിൽ നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.ശനിയാഴ്ച ലാസിയോയെ 3-1ന് തോൽപിച്ച രണ്ടാം സ്ഥാനക്കാരായ യുവന്റസിന് രണ്ട് പോയിന്റ് മുകളിലാണ് അവർ.മിഖിതാര്യൻ, മാർക്കസ് തുറാം, ഹകൻ കാൽഹാനോഗ്ലു, ഡേവിഡ് ഫ്രാട്ടെസി എന്നിവരാണ് ഇന്റർ മിലാനായി ഗോൾ നേടിയത്. റാഫേൽ ലിയോ എസി മിലൻറെ ആശ്വാസ ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ നാപോളിയെ ജെനോവ സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. സമനിലയോടെ നാല് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി നാപ്പോളി താൽക്കാലികമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.രണ്ടാം പകുതിയിൽ ജിയാക്കോമോ റാസ്‌പഡോറിയും മാറ്റിയോ പൊളിറ്റാനോയുമാണ് നാപോളിയുടെ ഗോളുകൾ നേടിയത്.2021-22ൽ തരംതാഴ്ത്തപ്പെട്ടതിന് ശേഷം സീരി എയിൽ തിരിച്ചെത്തിയ ജെനോവക്ക് 40-ാം മിനിറ്റിൽ ഡിഫൻഡർ മാറ്റിയ ബാനി ലീഡ് നേടിക്കൊടുത്തു. 56 ആം മിനുട്ടിൽ ഇറ്റലിയുടെ ഫോർവേഡ് മറ്റിയോ റെറ്റെഗുയി അവരുടെ രണ്ടാം ഗോൾ നേടി.തൊട്ടുപിന്നാലെ ഒരു ഗോൾ മടക്കി റാസ്‌പദോരി നാപ്പോളിക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകി. പകരക്കാരനായ പൊളിറ്റാനോ ആറു മിനിറ്റിനുള്ളിൽ ക്ലോസ്-റേഞ്ച് വോളിയിലൂടെ സമനില നേടുകയും ചെയ്തു, ജെനോവയ്ക്ക് സീസണിലെ രണ്ടാം വിജയം നിഷേധിച്ചു.

Rate this post