ബാഴ്‌സലോണ വീണ്ടും ആസ്‌തികൾ വിൽക്കുന്നു, ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കമോ?

ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ കുറച്ചു ദിവസമായി ഫുട്ബോൾ ലോകത്ത് ശക്തമായിരുന്നു. താരം പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിടാൻ തയ്യാറല്ലെന്നും ഈ സീസൺ കഴിയുന്നതോടെ ക്ലബ് വിടുമെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഇതോടെ താരം തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയരുകയും ചെയ്‌തു.

ലയണൽ മെസി പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു അഭ്യൂഹവും പുറത്തു വരുന്നുണ്ട്. ബാഴ്‌സലോണ അവരുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മറ്റൊരു നയം കൂടി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നാണ് കാറ്റലോണിയ എസ്ഇആർ സൂചിപ്പിക്കുന്നത്. ഇത് ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ വേണ്ടിയാണെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സമ്മറിൽ ക്ലബിന്റെ ഏതാനും ആസ്‌തികൾ വിറ്റാണ് ബാഴ്‌സലോണ പുതിയ താരങ്ങളെ ടീമിലെത്തിച്ചത്. നാല് ഘട്ടങ്ങളായാണ് ബാഴ്‌സലോണ ഇത് നടപ്പിലാക്കിയത്. അഞ്ചാം ഘട്ടത്തിൽ ബാഴ്‌സലോണയുടെ ഔദ്യോഗികൾ ടെലിവിഷൻ ചാനലായ ബാഴ്‌സ ടിവി വിൽക്കാനാണ് ക്ലബ് ഒരുങ്ങുന്നത്. നിലവിൽ ക്ലബിന് നഷ്‌ടം വരുത്തുന്നതിൽ ഇതിനു പ്രധാന പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം ഗാവി അടക്കമുള്ള ചില താരങ്ങളെ സീനിയർടീമിൽ രെജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിനു കൂടി വേണ്ടിയാണ് ബാഴ്‌സലോണ ടെലിവിഷൻ അവകാശം വിൽക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം ഉയരാനുള്ള സാധ്യതയുണ്ട്. ബാഴ്‌സ ടിവിയിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾ ഇതിനു മുൻപ് തന്നെ തങ്ങളുടെ വേതനം ഉയർത്താൻ വേണ്ടി സമരമാർഗങ്ങൾ സ്വീകരിച്ചിരുന്നു.

Rate this post