മെസ്സിയെ മുൻനിർത്തി ബാഴ്സലോണ മാർട്ടീനസ്സിനെ സ്വന്തമാക്കും..

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ തവണ ക്ലബിലെത്തിക്കാൻ ശ്രമിച്ച താരമായിരുന്നു ഇന്റർ മിലാന്റെ ലൗറ്ററോ മാർട്ടിനെസ്. എന്നാൽ ഈ ഇടക്കാലയളവിൽ ബാഴ്സയും ഇന്ററും തമ്മിലുള്ള ചർച്ചകൾ നിലച്ചിരുന്നു. ബാഴ്സയുടെ ചാമ്പ്യൻസ് ലീഗിലെ തോൽവിയും അതിനെ തുടർന്ന് ഉരുത്തിരിഞ്ഞു വന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമായിരുന്നു ലൗറ്ററോ ട്രാൻസ്ഫർ നിശ്ചലാവസ്ഥയിൽ തുടരാനുണ്ടായ കാരണം.

എന്നാലിപ്പോൾ അത്‌ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. കുറച്ചു മുമ്പ് ബാഴ്സ ഒരു പുതിയ ഓഫറുമായി ഇന്ററിനെ സമീപിച്ചുവെങ്കിലും അത്‌ നിരസിക്കപ്പെടുകയായിരുന്നു. മെസ്സിയുടെ ട്രാൻസ്ഫർ പ്രശ്നങ്ങൾ ലൗറ്ററോയെ ബാഴ്സയിലേക്ക് വരുന്നതിൽ നിന്ന് തടയുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മെസ്സി തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഒരുപക്ഷെ ലൗറ്ററോ ബാഴ്സയിലേക്ക് വന്നേക്കും എന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ. ലൗറ്ററോ ഇന്ററുമായി കരാർ പുതുക്കാൻ വിസമ്മതിച്ചതും ബാഴ്സക്ക് ആശ്വാസമാണ്.

കൂടാതെ ഈ ആഴ്ച്ച ഒരു തവണ കൂടി ലൗറ്ററോ വിഷയത്തിൽ ചർച്ച നടക്കുന്നുണ്ട്. ലൗറ്ററോയുടെ ഏജന്റും ബാഴ്സ അധികൃതരും തമ്മിലാണ് ചർച്ച നടക്കുക. ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് ഏജന്റുമായി നടന്ന ചർച്ചയിൽ കാര്യമായ പുരോഗതികൾ ഒന്നും ഉണ്ടായിരുന്നുവെങ്കിലും താരത്തിന് ബാഴ്സയിലേക്ക് വരാൻ താല്പര്യമുണ്ട് എന്ന് വ്യക്തമായിരുന്നു. ഇതിനെ തുടർന്നാണ് മറ്റൊരു ചർച്ച കൂടി വിളിച്ചു ചേർത്തത്. ഒരുപക്ഷെ ഉടനടി തന്നെ ഈ കൂടിക്കാഴ്ച്ച നടന്നേക്കാം.

അതേ സമയം ലൗറ്ററോ ബാഴ്സ വിടില്ലെന്ന് ഇന്റർമിലാൻ വൈസ് പ്രസിഡന്റ്‌ ഹവിയർ സനേട്ടി കഴിഞ്ഞ ദിവസം അറിയിച്ചത് ബാഴ്‌സയെ ആശങ്കയിലാക്കിയിട്ടുണ്ട്. ലൗറ്ററോ ഇവിടെ സന്തോഷവാനാണ് എന്നും താരം ഇന്റർ വിട്ട് എങ്ങോട്ടുമില്ലെന്നും ഇദ്ദേഹം അറിയിച്ചിരുന്നു. അദ്ദേഹം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ഇന്റർ മികച്ച ക്ലബാണ് എന്ന് ലൗറ്ററോക്ക് അറിയാമെന്നുമാണ് ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സനേട്ടി പറഞ്ഞത്.

Rate this post