ബാഴ്‌സലോണക്ക് തിരിച്ചടി, ഫ്രീ ഏജന്റാകുന്ന ഗാവിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്

സാമ്പത്തികപ്രതിസന്ധിയും സിവിസി കരാർ ഒപ്പിടുന്നതിനായി ലാ ലിഗ നേതൃത്വം നൽകുന്ന സമ്മർദ്ദവും കാരണം പൊറുതിമുട്ടി നിൽക്കുകയാണ് ബാഴ്‌സലോണ. ഇപ്പോൾ അവർ നേരിടുന്ന പ്രതിസന്ധി ടീമിന്റെ മധ്യനിരയിലെ സൂപ്പർതാരമായ ഗാവിയുടെ കരാർ പുതുക്കിയതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ്.

ഗാവിയുടെ കരാർ ബാഴ്‌സലോണ പുതുക്കിയെങ്കിലും അത് നിയമപരമല്ലെന്ന് കാണിച്ച് ലാ ലിഗ ചോദ്യം ചെയ്‌തു. അടുത്ത കാലത്തുണ്ടായ കോടതിവിധി ബാഴ്‌സലോണയ്ക്ക് പ്രതികൂലമായാണ് വന്നത്. ഗാവിയുടെ കരാർ രജിസ്‌ട്രേഷൻ നിലനിൽക്കുന്ന ഒന്നല്ലെന്നാണ് സ്പെയിനിലെ കോടതി ഇതുമായി ബന്ധപ്പെട്ടു വിധി പ്രഖ്യാപിച്ചത്.

ഇതിനെതിരെ ബാഴ്‌സലോണ നൽകിയ അപ്പീലും തള്ളിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ യൂത്ത് ടീം താരമെന്ന നിലയിലേക്ക് ഗാവി മാറും. താരത്തിന്റെ ആറാം നമ്പർ ജേഴ്‌സിയും നഷ്‌ടമാകും. അതിനു പുറമെ യൂത്ത് ടീം താരമെന്ന കരാറിലേക്ക് പോകുമ്പോൾ ഗാവി ഈ സീസണിന് ശേഷം ഫ്രീ ഏജന്റായും മാറും.

വെറും പതിനെട്ടു വയസ് മാത്രം പ്രായമുള്ള ഗാവി നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ്. താരത്തെ ഫ്രീ ഏജന്റായി ലഭിക്കുന്ന സാഹചര്യം മുതലെടുക്കാൻ പ്രീമിയർ ലീഗ് ക്ലബുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ആഴ്‌സണലാണ് പുതിയ കരാറും പ്രതിഫലവും നൽകി താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്.

അതേസമയം ഗാവിയുടെ കരാർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളിയെങ്കിലും ബാഴ്‌സ പിന്മാറാൻ ഒരുക്കമല്ല. ഇതിനെതിരെ വീണ്ടും ബാഴ്‌സലോണ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലബിന്റെ ഭാവി താരത്തെ വിട്ടുകൊടുക്കാൻ ബാഴ്‌സലോണ തയ്യാറാവില്ലെന്നുറപ്പാണ്.

1/5 - (1 vote)