ബാഴ്സലോണ സ്വന്തമാക്കാൻ ശ്രമിച്ച അർജന്റീന യുവതാരത്തിനെ ക്യാമ്പ്നൗവിൽ എത്തിക്കാൻ കഴിയില്ല

ഈ സീസണിൽ ലീഗിൽ മികച്ച ഫോമിലാണെങ്കിലും യൂറോപ്യൻ ടൂർണമെന്റുകളിൽ തിളങ്ങാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബാഴ്‌സലോണ യൂറോപ്പ ലീഗ് പ്ലേ ഓഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടും തോൽവി വഴങ്ങി പുറത്തായി. ഈ സീസണിലിനി ലീഗും കോപ്പ ഡെൽ റേയും മാത്രമാണ് ബാഴ്‌സയ്ക്ക് പ്രതീക്ഷയുള്ളത്.

പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയാൽ പകരക്കാരനാവാൻ കഴിയുന്ന മികച്ച റിസർവ് താരങ്ങളില്ലാത്ത ബാഴ്‌സലോണക്ക് അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ടീമിനെ അഴിച്ചു പണിയേണ്ടത് അത്യാവശ്യമാണ്. സെൻട്രൽ ഡിഫൻസ്, റൈറ്റ് ബാക്ക്, ലെഫ്റ്റ് വിങ്, സ്‌ട്രൈക്കർ എന്നീ പൊസിഷനിലേക്കാണ് ബാഴ്‌സലോണ പ്രധാനമായും താരങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നത്.

അടുത്ത സീസണിൽ ബാഴ്‌സലോണ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് ലക്ഷ്യമിട്ട താരങ്ങളിൽ ഒരാളായിരുന്നു അർജന്റീനിയൻ താരമായ യുവാൻ ഫോയ്ത്ത്. ഈ സീസണിൽ വിയ്യാറയലിനു വേണ്ടി മികച്ച പ്രകടനം നടത്തിയ താരം ലോകകപ്പ് നേടിയ അർജന്റീന സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. എന്നാൽ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സക്ക് കഴിഞ്ഞേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

യുവാൻ ഫോയ്ത്തിനെ സ്വന്തമാക്കണമെങ്കിൽ താരത്തിന്റെ റിലീസിംഗ് ക്ലോസ് നൽകണമെന്ന വിയ്യാറയലിന്റെ നിലപാടാണ് ബാഴ്‌സയ്ക്ക് തിരിച്ചടി നൽകിയത്. അറുപതു മില്യൺ യൂറോയാണ് അർജന്റീന താരത്തിന്റെ റിലീസിംഗ് ക്ലോസ്. നിലവിലെ സാമ്പത്തിക പ്രതിസന്ധികളുടെ ഇടയിൽ ഇത്രയും വലിയൊരു തുക നൽകി ബാഴ്‌സ ഫോയ്ത്തിനെ സ്വന്തമാക്കില്ലെന്നുറപ്പാണ്.

ഫോയ്ത്തിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു നിരവധി താരങ്ങളെ ബാഴ്‌സലോണ നോട്ടമിടുന്നുണ്ട്. പെപ് ഗ്വാർഡിയോളയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ക്ലബ് വിടാൻ സാധ്യതയുള്ള കാൻസലോ, ബയേൺ മ്യൂണിക്കിന്റെ പവാർദ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡീഗോ ദാലട്ട് എന്നിവരാണ് ബാഴ്‌സലോണയുടെ മറ്റു ലക്ഷ്യങ്ങൾ.

Rate this post