ആശ്വാസ ജയം നേടി ബാഴ്സലോണ ; നാല് ഗോൾ വിജയത്തോടെ ചെൽസിയും ബയേൺ മ്യൂണിക്കും ; മൂന്നാം ജയത്തോടെ യുവന്റസ്

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് ആശ്വാസം. ഉക്രൈൻ ക്ലബ് ഡൈനാമോ കീവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് ടീം കീഴടക്കിയത്. 36 ആം മിനിറ്റിൽ ജെറാർഡ് പിക്വെയാണ് ഏക ഗോൾ നേടിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബാഴ്സലോണ സ്ട്രൈക്കർമാർ കളഞ്ഞുകുളിച്ചത്. ഇല്ലെങ്കിൽ ആധികാരികമായി തന്നെ കറ്റാലൻ ടീമിന് മത്സരം ജയിക്കാൻ സാധിക്കുമായിരുന്നു. ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ആദ്യ ജയമാണ് ബാഴ്സയുടേത്. ആദ്യ രണ്ട് മത്സരങ്ങളിൽ ബയേണിനോടും ബെൻഫിക്കയോടും ബാഴ്സ പരാജയപ്പെട്ടിരുന്നു.ഡൈനാമോ കീവിനെതിരായ ജയം ഞായറാഴ്ച റയൽ മാഡ്രിഡിനെതിരെഎൽ ക്ലാസിക്കോയ്ക്ക് ഇറങ്ങുന്ന ബാഴ്സയ്ക്ക് ആത്മവിശ്വാസം നൽകും.

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ബെൻഫികയെ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി ലെറോയ് സാനെ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ റോബർട്ട് ലെവൻഡോസ്കിയും നേടി. സെർജ് ഗ്നബ്രിയുടെ ക്രോസ് സ്വന്തം വലയിലേക്ക് അടിച്ച് എവർടണിന്റെ സെൽഫ് ഗോളും ബയേണിന് തുണയായി. രണ്ടു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ചത് ലെറോയ് സാനെയായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ സ്വീഡിഷ് ചാമ്പ്യന്മാരായ മാൽമോക്കെതിരെ ചെൽസിക്ക് വമ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ചെൽസി മാൽമോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ ഒരിക്കൽ പോലും ചെൽസി ഗോൾ കീപ്പർ മെൻഡിക്ക് വെല്ലുവിളി സൃഷ്ട്ടിക്കാൻ മാൽമോക്കായില്ല. അതെ സമയം മത്സരം അനായാസം ജയിച്ചെങ്കിലും പ്രമുഖ താരങ്ങളുടെ പരിക്ക് ചെൽസിക്ക് തിരിച്ചടിയായി. ചെൽസി ഫോർവേഡ് ലുകാകുവും വെർണറുമാണ് പരിക്കേറ്റ് പുറത്തുപോയത്.

ചെൽസിക്ക് വേണ്ടി പ്രതിരോധ താരം ക്രിസ്റ്റൻസൺ ആണ്‌ ആദ്യ ഗോൾ നേടിയത്. ചെൽസിക്ക് വേണ്ടി താരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിയുടെ ലീഡ് ആദ്യ പകുതിയിൽ തന്നെ ഇരട്ടിയാക്കി. തുടർന്ന് രണ്ടാം പകുതിയിൽ ഹാവെർട്സിലൂടെ മൂന്നാമത്തെ ഗോൾ നേടിയ ചെൽസി അധികം താമസിയാതെ മത്സരത്തിലെ നാലാമത്തെ ഗോളും നേടി. മത്സരത്തിൽ രണ്ടാമത്തെ പെനാൽറ്റി ഗോളാക്കി ജോർഗീനോയാണ് ചെൽസിയുടെ നാലാമത്തെ ഗോൾ നേടിയത്.

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എച്ചിൽ മൂന്നാം മത്സരത്തിലും ജയം കണ്ടു ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസ്. റഷ്യൻ ക്ലബ് ആയ സെനിറ്റ് സെന്റ് പീറ്റേർസ്ബർഗിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് യുവന്റസ് തോൽപ്പിച്ചത്. മത്സരത്തിൽ പന്ത് അടക്കത്തിൽ അടക്കം മുന്നിട്ട് നിന്നെങ്കിലും വലിയ അവസരം ഒന്നും യുവന്റസിന് തുറക്കാൻ ആയിരുന്നില്ല. റഷ്യൻ ടീമിന്റെ പ്രതിരോധം ഭേദിക്കാൻ 87 മിനിറ്റ് വരെ ഇറ്റാലിയൻ ടീം കാത്തിരിക്കേണ്ടി വന്നു. അവസാന നിമിഷങ്ങളിൽ പകരക്കാരൻ ആയി ഇറങ്ങിയ ദേജൻ കുലുസെവ്സ്കിയാണ് ഇറ്റാലിയൻ ടീമിന് ജയം സമ്മാനിച്ചത്.

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് ഉനയ് എമറെയുടെ വിയ്യറയൽ. സ്വിസ് ക്ലബ് യങ് ബോയ്സിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സ്പാനിഷ് ക്ലബ് തകർത്തത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ യെരമി പിനോയുടെ ഹെഡറിലൂടെ വിയ്യറയൽ മുന്നിലെത്തി.ജെറാർഡ് മൊറേനോ,ആൽബർട്ടോ മൊറേനോ,സാമുവൽ ചുകുവെസെ എന്നിവർ വിയ്യാറയലിന്റെ ഗോളുകൾ നേടി.

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങി സ്പാനിഷ് ടീം സെവിയ്യ. കഴിഞ്ഞ മത്സരങ്ങളിൽ സാൽസ്ബർഗ്, വോൾവ്സ്ബർഗ് ടീമുകളോട് സമനില വഴങ്ങിയ സെവിയ്യ ഇത്തവണ ഫ്രഞ്ച് ക്ലബ് ലില്ലിയോട് ഗോൾ രഹിത സമനില വഴങ്ങി. ലില്ലിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ 62 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും സെവിയ്യക്ക് ഗോൾ മാത്രം നേടാൻ ആയില്ല.

Rate this post