അവസരങ്ങൾ തുലച്ച് ലെവെൻഡോസ്‌കി , ബയേൺ മ്യൂണിക്ക് കടമ്പ മറികടക്കാനാവാതെ ബാഴ്സലോണ : ഇന്റർ മിലാന് ആദ്യ ജയം
യുവേഫ ചാമ്പ്യൻസ് ലീഗിൽ മ്യൂണിക്കിൽ ബയേണിനെ വെല്ലാൻ ഇത്തവണയും ബാഴ്സലോണയ്ക്കായില്ല. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ സൂപ്പർ പോരാട്ടത്തിൽ ബാഴ്സയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി ജർമൻ വമ്പന്മാർ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബയേൺ രണ്ടു ഗോളുകളും നേടിയത്.
ആദ്യ പകുതിയിൽ നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ബാഴ്സലോണക്ക് ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല.ആദ്യ പകുതിയിൽ ബാഴ്സലോണ പലപ്പോഴും ബയേണിനെ വിറപ്പിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.മുൻ ക്ലബ്ബിനെതിരെ ഇറങ്ങിയ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കിക്ക് കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാനായില്ല. മത്സരത്തിന്റെ 17 ആം മിനുട്ടിൽ ബാഴ്സക്ക് ലീഡ് നേടിക്കൊടുക്കാൻ ലെവെൻഡോസ്‌കിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അതിനു ശേഷം മികച്ച രണ്ടു അവസരങ്ങൾ കൂടി ലെവെൻഡോസ്‌കിക്ക് ലഭിച്ചെങ്കിലും രണ്ടും നഷ്ടപ്പെടുത്തി.
ആദ്യ പകുതിയിൽ ബയേണിനും ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു . 50 ആം മിനുട്ടിൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്.കിമ്മിച്ചിന്റെ കോർണർ ഉയർന്ന് ചാടി പ്രതിരോധ താരം ലുകാസ് ഹെർണാണ്ടസ് ബാഴ്സ വലയിൽ എത്തിച്ചു. നാലു മിനുട്ടിനു ശേഷം ബയേൺ ലീഡ് ഇരട്ടിയാക്കി, ലെറോയ് സാനെയുടെ മികച്ചൊരു ഗോളാണ് ബയേണിന്റെ സ്കോർ 2 -0 ആക്കിയത്. തിരിച്ചടിക്കാൻ ബയേൺ ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ അവസരങ്ങൾ തന്നെയാണ് ബാഴ്‌സയെ മത്സരത്തിൽ തോൽവിയിലേക്ക് നയിച്ചത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ വിക്ടോറിയ പ്ലസനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി.20 മത്തെ മിനിറ്റിൽ ജോക്വിം കൊറെയോയുടെ പാസിൽ നിന്നും ചെക്കോ ഇന്ററിനെ മുന്നിലെത്തിച്ചു.61 മത്തെ മിനിറ്റിൽ വിക്ടോറിയ താരം പാവൽ ബുച്ച ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.70 മത്തെ മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് ഇന്ററിന്റെ രണ്ടാമത്തെ ഗോൾ നേടി.രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ബയേൺ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഇന്റർ മിലാനും ബാഴ്സലോണയും ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായും നിൽക്കുന്നു.