മെസ്സിയുടെ ജേഴ്‌സി കൈവശമുണ്ട്, അദ്ദേഹത്തെയും ബാഴ്സയെയും കണ്ടാണ് വളർന്നത് : മത്തേവൂസ് മെസ്സിയെ ഓർമ്മിപ്പിക്കുന്നുവെന്ന് വിശേഷിപ്പിച്ച മുസിയാല പറയുന്നു

ലോക ഫുട്ബോളിൽ വളർന്നുവരുന്ന ഏതെങ്കിലും പ്രതിഭകളെയോ അല്ലെങ്കിൽ നിലവിൽ തിളങ്ങി നിൽക്കുന്ന സൂപ്പർതാരങ്ങളെയോ വിശേഷിപ്പിക്കാൻ പലരും ലയണൽ മെസ്സിയെ ബന്ധപ്പെടുത്തി പറയാറുണ്ട്. അതായത് മെസ്സിയുമായി ഒരു താരതമ്യം നടത്തിയാൽ ആ താരത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത് പതിവായ കാര്യമാണ്. ഈയിടെ ജർമ്മനിയുടെ ഇതിഹാസമായ ലോതർ മത്തേവൂസ് അത്തരത്തിലുള്ള ഒരു താരതമ്യം നടത്തിയിരുന്നു. അതായത് ബയേണിന്റെ വണ്ടർ കിഡായ ജമാൽ മുസിയാല തന്നെ മെസ്സിയെ ഓർമ്മിപ്പിക്കുന്നു എന്നായിരുന്നു ഈ ഇതിഹാസം പറഞ്ഞിരുന്നത്.

ഇപ്പോഴിതാ മുസിയാല തന്നെ ഇതിനോട് തന്റെ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്.മത്തേവൂസിനെ പോലെയുള്ള ഒരാൾ മെസ്സിയുമായി ബന്ധപ്പെടുത്തി കൊണ്ട് പറയുന്നത് ഒരു വലിയ ബഹുമതിയാണ് എന്നാണ് ഈ ബയേണിന്റെ യുവ സൂപ്പർതാരം പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ ജേഴ്സി തന്റെ കൈവശമുണ്ടെന്നും മെസ്സിയെയും ബാഴ്സയെയും കണ്ടു കൊണ്ടാണ് താൻ വളർന്നതെന്നും മുസിയാല കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ എഫ്സി ബാഴ്സലോണയാണ് എന്റെ ഫേവറേറ്റ് ടീം. ലയണൽ മെസ്സിയുടെ ജേഴ്സി എന്റെ കൈവശമുണ്ട്. എഫ് സി ബാഴ്സലോണയുടെ മധ്യനിര എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു.സാവിയും ഇനിയേസ്റ്റയും ബുസ്ക്കറ്റ്സും ചേർന്ന മിഡ്ഫീൽഡ് എന്നെ ഏറെ വിസ്മയിപ്പിച്ചിരുന്നു.അവരുടെ മത്സരങ്ങൾ വീണ്ടും വീണ്ടും ഞാൻ കാണുമായിരുന്നു. മെസ്സിയെയും ബാഴ്‌സയെയും കണ്ടു കൊണ്ടാണ് ഞാൻ വളർന്നത് ” മുസിയാല തുടർന്നു.

‘ വളരെ ടൈറ്റ് ആയിട്ടുള്ള സ്ഥലങ്ങളിൽ വെച്ചുള്ള എന്റെ ഡ്രിബ്ലിങ്ങ് ആയിരിക്കാം ഒരുപക്ഷേ ലോതർ മത്തേവൂസ് മെസ്സിയുമായി എന്നെ കമ്പാരിസൺ ചെയ്യാനുള്ള കാരണം. മെസ്സിയുടെ പ്രകടനം എന്നുള്ളത് ഫന്റാസ്റ്റിക് ലെവലാണ്. അതുകൊണ്ടുതന്നെ ലോതർ മത്തേവൂസിനെ പോലെയുള്ള ഒരു ഫുട്ബോൾ പണ്ഡിതൻ മെസ്സിയുടെ ഒരു സവിശേഷത എന്നിൽ കണ്ടു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ ബഹുമതിയാണ് ” മുസിയാല പറഞ്ഞു.

ഈ സീസണിൽ മികച്ച പ്രകടനമാണ് ഈ 19കാരനായ താരം പുറത്തെടുക്കുന്നത്.ലീഗിൽ ആകെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായി നാല് ഗോൾ കോൺട്രിബ്യൂഷൻസ് നടത്താൻ ഈ യുവതാരത്തിന് കഴിഞ്ഞു.ഇനി ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ പ്രതിഭയുള്ളത്.

Rate this post