❛കളിക്ക് മുൻപ് റൊണാൾഡോ 16 വയസുള്ള ആ പയ്യനെ പേടിക്കണം എന്ന് എന്നോട് പറഞ്ഞിരുന്നു❜

2004/05 സീസണിലായിരുന്നു ലയണൽ മെസ്സി എഫ്സി ബാഴ്സലോണയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നത്. കൗമാരക്കാരനായ മെസ്സി അന്ന് ഫുട്ബോൾ ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. അത്രയേറെ മികവോടുകൂടിയായിരുന്നു മെസ്സി തന്റെ കരിയറിന്റെ തുടക്കകാലത്ത് തന്നെ കളിച്ചിരുന്നത്.

ലയണൽ മെസ്സിയെ എൽ ക്ലാസ്സിക്കോയിൽ നേരിട്ട ഒരു അനുഭവം റയൽ മാഡ്രിഡ് ഇതിഹാസമായ സിനദിൻ സിദാൻ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് റൊണാൾഡോ നസാരിയോ 16 വയസ്സ് മാത്രമുള്ള മെസ്സിയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ആ മത്സരത്തിൽ മെസ്സി ഒരു റോബോട്ടിനെ പോലെയാണ് കളിച്ചത് എന്നുമാണ് സിദാൻ പറഞ്ഞിട്ടുള്ളത്.

‘ 2004/05 സീസണിൽ ബാഴ്സക്കെതിരെ ക്യാമ്പ് നൗവിൽ വെച്ച് എൽക്ലാസിക്കോ കളിക്കാൻ ഞങ്ങൾ പോകുന്ന സന്ദർഭം.റൊണാൾഡീഞ്ഞോ,സാവി,ഡെക്കോ,ഏറ്റു എന്നിവരെപ്പോലെയുള്ള എതിരാളികളെ പറ്റിയായിരുന്നു ഞങ്ങൾ ആശങ്കപ്പെട്ടിരുന്നത്. എന്നാൽ റൊണാൾഡോ നസാരിയോ ആശങ്കപ്പെട്ടിരുന്നത് 16 വയസ്സുമാത്രം പ്രായമുള്ള മെസ്സി എന്ന താരത്തെപ്പറ്റിയായിരുന്നു. അത് അദ്ദേഹം ഞങ്ങളോട് പറയുകയും ചെയ്തു ‘

‘ ആ 16 വയസ്സു മാത്രമുള്ള താരത്തെ താൻ ഭയപ്പെടുന്നു എന്നുള്ള റൊണാൾഡോ പറഞ്ഞു.പക്ഷെ ഞങ്ങൾക്ക് അദ്ദേഹത്തെ അറിയുമായിരുന്നില്ല. റൊണാൾഡോ ആ പയ്യനെ പ്രശംസിച്ചു കൊണ്ടേയിരുന്നു. കാരണം അവർ രണ്ടുപേരും ലാറ്റിനമേരിക്കാർ ആയിരുന്നല്ലോ. മത്സരത്തിന്റെ തുടക്കത്തിൽ ഞങ്ങൾ ബാഴ്സക്കെതിരെ നല്ല രൂപത്തിൽ ആധിപത്യം പുലർത്തി. അപ്പോഴാണ് ബാഴ്സ പരിശീലകൻ ആ പയ്യനെ കളത്തിലേക്ക് കൊണ്ടുവന്നത് ‘

‘ ആ പയ്യൻ കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. ബാഴ്സ ഞങ്ങളുടെ മേൽ ആധിപത്യം പുലർത്തി.ഒരു റോബോട്ടിനെ പോലെയാണ് അന്ന് മെസ്സി കളിച്ചത്.ഒടുവിൽ അദ്ദേഹം ഒരു പെനാൽറ്റി വാങ്ങിക്കൊടുത്തു.റൊണാൾഡീഞ്ഞോ അത് ഗോളാക്കി മാറ്റുകയും ചെയ്തു.മത്സരം കഴിഞ്ഞശേഷം ബസ്സിൽ റൊണാൾഡോ മാത്രമായിരുന്നില്ല, എല്ലാവരും ആ പയ്യനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ആ ദിവസം ഞാനൊരു കാര്യം മനസ്സിലാക്കി. ലയണൽ മെസ്സി ഒരു ഇതിഹാസമായി മാറുമെന്ന് ‘ സിദാൻ പറഞ്ഞു

തീർച്ചയായും സിദാൻ പറഞ്ഞതുപോലെ ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു. പ്രായം 35 പിന്നിട്ടിട്ടും മെസ്സി തന്റെ മികവ് തുടർന്നു കൊണ്ടേയിരിക്കുന്നു.

Rate this post