” മുന്നിൽ നിന്നും നയിക്കാൻ ബെൻസീമ ഉള്ളപ്പോൾ ഒരു സൂപ്പർ താരവും ബെർണബ്യൂവിൽ വന്ന് ആളാവില്ല”

ഇന്നലെ രാത്രി സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡ് അവരുടെ ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 രണ്ടാം പാദത്തിൽ പാരീസ് സെന്റ് ജെർമെയ്‌നെ ആതിഥേയത്വം വഹിച്ചപ്പോൾ ഒരു ഫ്രഞ്ചുകാരൻ തിളങ്ങുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. പക്ഷെ എല്ലാവരും പ്രതീക്ഷിച്ച താരമായിരുന്നില്ല അത്. റയൽ മാഡ്രിഡുമായി ട്രാൻസഫറുമായി ബന്ധപ്പെട്ട് വളരെ അടുത്ത് നിൽക്കുന്ന കൈലിയൻ എംബാപ്പെ ആദ്യ പകുതിയിൽ ഗോൾ നേടി താൻ എന്തുകൊണ്ടാണ് മികച്ച കളിക്കാരൻ ആയതെന്നും റയൽ മാഡ്രിഡ് എന്ത് കൊണ്ടാണ് തന്നെ പിന്തുടരുന്നത് എന്നും തെളിയിച്ചു. എന്നാൽ ഇന്നലത്തെ ഷോയിലെ താരമായത് എംബാപ്പയുടെ ഫ്രാൻസിലെ സഹ താരമായ കരിം ബെൻസെമ ആയിരുന്നു.

ഇന്നലത്തെ മത്സരത്തിൽ നഗരത്തിലെ സംസാരം എംബാപ്പെയെ കുറിച്ചും അവന്റെ ഭാവിയെ കുറിച്ചും ആയിരുന്നപ്പോൾ ബെൻസീമയെ കുറിച്ചുള്ള സംസാരം സ്പാനിഷ് തലസ്ഥാനത്ത് മാത്രമല്ല ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉയർന്നു കേട്ടു . ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ താനാണെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് താരം ഇന്നലെ പാരിസിനെതിരെ പുറത്തെടുത്തത്.ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ബെൻസിമ മാറി.ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഹാട്രിക്ക് നേടുന്ന ആദ്യത്തെ ഫ്രഞ്ച് കളിക്കാരനായി സ്‌ട്രൈക്കർ മാറുകയും ചെയ്തു.

ഇന്നലത്തെ ഗോളോടെ റയൽ മാഡ്രിഡ് ചരിത്രത്തിലെ 309 ഗോളുകളുമായി ആൽഫ്രെഡോ ഡി സ്റ്റെഫാനോയെ മറികടന്ന് മൂന്നാമത്തെ മുൻനിര ഗോൾ സ്‌കോററായി ബെൻസിമ മാറി.തന്റെ ഹാട്രിക്കോടെ, ബെൻസെമ റയൽ മാഡ്രിഡിനായി ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ എണ്ണം 67 ആയി ഉയർത്തി, റൗളിനേക്കാൾ (66) ഒന്ന് മുന്നിലാണ് താരം.105 ഗോളുകൾ നേടിയ റൊണാൾഡോയാണ് റയലിനായി കൂടുതൽ ഗോളുകൾ നേടിയ താരം. ഇന്നലത്തെ മൂന്ന് ഗോളുകൾ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ അദ്ദേഹത്തിന്റെ മൊത്തം ഗോളുകൾ എട്ടിലേക്കും കരിയറിൽ 77 ആയും എത്തിച്ചു.

ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളും 11 അസിസ്റ്റുകളും ബെൻസിമ നേടിയിട്ടുണ്ട്. “ആദ്യ പകുതിയിൽ ഞങ്ങൾ ഗോൾ വഴങ്ങി, പക്ഷേ ഞങ്ങൾക്ക് ഞങ്ങളിൽ ആത്മവിശ്വാസമുണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾ തോൽക്കരുത്, ഞങ്ങൾ ഒരു മികച്ച ക്ലബ്ബാണെന്ന് ഞങ്ങൾ കാണിച്ചു” ബെൻസിമ പറഞ്ഞു.”ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ഞങ്ങൾക്ക് ഇപ്പോൾ എല്ലാ മത്സരങ്ങളും ഫൈനൽ ആണ്, എന്നാൽ ഇന്ന് റയൽ മാഡ്രിഡ് ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾ കാണിച്ചു,” ബെൻസെമ പറഞ്ഞു.

Rate this post