ഒരൊറ്റ നീക്കത്തിൽ നാല് നട്ട്മെഗ്, അവിശ്വസനീയം മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ പ്രകടനം

മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ വലിയ മുൻതൂക്കമാണ് മാഞ്ചസ്റ്റർ സിറ്റി ഉണ്ടാക്കിയത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ച രീതിയിലാണ് ഇപ്പോൾ നിൽക്കുന്നത്.

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയായിരുന്നു ആധിപത്യം. ഇരുപത്തിയേഴാം മിനുട്ടിൽ റോഡ്രി നേടിയ ഗോളിലൂടെ മുന്നിലെത്തിയ അവർ അതിനു ശേഷം അടുത്ത ഗോൾ നേടുന്നത് എഴുപതാം മിനുട്ടിൽ ബെർണാഡോ സിൽവയിലൂടെയാണ്. അതിനു പിന്നാലെ എഴുപത്തിയാറാം മിനുട്ടിൽ ഹാലൻഡും ബയേണിനെതിരെ ലക്‌ഷ്യം കാണുകയുണ്ടായി.

അതേസമയം മത്സരത്തിന് ശേഷം ചർച്ചയാകുന്ന മറ്റൊരു കാര്യം ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയ ബെർണാഡോ സിൽവ കളിക്കിടെ നടത്തിയ ഒരു മുന്നേറ്റമാണ്. വലതു വിങ്ങിൽ നിന്നും ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റത്തിനിടെ ബയേൺ മ്യൂണിക്ക് താരങ്ങളെ നാല് തവണയാണ് ബെർണാഡോ സിൽവ നട്ട്മെഗ് ചെയ്‌തത്‌.

ആദ്യം ത്രോ ലൈനിലിനരികിൽ വെച്ച് അൽഫോൻസോ ദേവീസിനെ നട്ട്മെഗ് ചെയ്‌ത സിൽവ അതിനു പിന്നാലെ ഗൊറേറ്റ്‌സ്‌കയെയും നട്ട്മെഗ് ചെയ്യുകയുണ്ടായി. ശേഷം ബോക്‌സിലേക്ക് കുതിച്ച ബെർണാഡോ സിൽവയെ തടുക്കാൻ അൽഫോൻസോ ഡേവീസ് ശ്രമിച്ചെങ്കിലും കാനഡ താരത്തെ രണ്ടു തവണ കൂടി സിൽവ നട്ട്മെഗ് ചെയ്യുകയായിരുന്നു.

നട്ട്മെഗിനു ശേഷം പന്ത് മാഞ്ചസ്റ്റർ സിറ്റി താരത്തിന് സിൽവ കൈമാറിയെങ്കിലും ഷോട്ട് പുറത്തേക്കാണ് പോയത്. ആ നീക്കം ഗോളായി മാറിയിരുന്നെങ്കിൽ കൂടുതൽ ചർച്ച താരത്തെക്കുറിച്ച് ഉണ്ടാകുമായിരുന്നു. എന്തായാലും നട്ട്മെഗിന്റെ ആശാനായ ലയണൽ മെസി പോലും ആശ്ചര്യപ്പെട്ടു പോകുന്ന നീക്കമാണ് അവിടെ ഉണ്ടായതെന്നാണ് ആരാധകർ പറയുന്നത്.