ഭാവി താരത്തെ കൈവിടില്ല, ഫാറ്റിക്ക് പിന്നാലെ മറ്റൊരു താരത്തിന്റെ കൂടി റിലീസ് ക്ലോസ് ഇരട്ടിയായി വർധിപ്പിച്ച് ബാഴ്സ.
ഈ സീസണിലായിരുന്നു യുവവിസ്മയം അൻസു ഫാറ്റിക്ക് എഫ്സി ബാഴ്സലോണ തങ്ങളുടെ സീനിയർ ടീമിലേക്ക് പ്രൊമോഷൻ നൽകിയത്. ഇതുവരെ ബാഴ്സ ബി താരമായിരുന്ന ഫാറ്റിക്ക് പ്രൊമോഷൻ നൽകിയതോടൊപ്പം തന്നെ താരത്തെ കൈവിട്ടു പോവാതിരിക്കാൻ 400 മില്യൺ യൂറോ റിലീസ് ക്ലോസും ബാഴ്സ നിശ്ചയിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള പ്രമുഖർ താരത്തിൽ താല്പര്യം പ്രകടിപ്പിച്ച സ്ഥിതിക്കായിരുന്നു ബാഴ്‌സയുടെ ഇത്തരത്തിലുള്ള ഒരു നീക്കം.
ഇപ്പോഴിതാ ഫാറ്റിക്ക് പിന്നെ മറ്റൊരു താരത്തിന്റെ കൂടി റിലീസ് ക്ലോസ് ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ് ബാഴ്സ. പ്രതിരോധനിര താരം റൊണാൾഡ് അരൗഹോയുടെ റിലീസ് ക്ലോസാണ് ബാഴ്സ ഇരട്ടിയായി വർധിപ്പിച്ചത്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 100 മില്യൺ റിലീസ് ക്ലോസായിരുന്നു താരത്തിന് ഇതുവരെ ഉണ്ടായിരുന്നത്. ഇതാണ് 200 മില്യൺ യൂറോയാക്കി ഉയർത്തിയത്.
Release clause of Barcelona defender Ronald Araujo doubles to €200m https://t.co/dKWoLnEe95
— footballespana (@footballespana_) October 12, 2020
ഈ സീസണിലാണ് അരൗഹോക്ക് ബാഴ്സ ബിയിൽ നിന്നും സീനിയർ ടീമിലേക്ക് പ്രൊമോഷൻ ലഭിച്ചത്. തുടർന്ന് ഇവാൻ റാക്കിറ്റിച്ച് ഒഴിച്ചിട്ട നാലാം നമ്പർ ജേഴ്സി താരത്തിന് നൽകുകയും ചെയ്തു. ബാഴ്‌സയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായാണ് അരൗഹോ കണക്കാക്കപ്പെടുന്നത്.നിലവിൽ ഉറുഗ്വൻ ടീമിനോടൊപ്പമാണ് താരമുള്ളത്.
2017-ലെ സമ്മർ ട്രാൻസ്ഫറിലായിരുന്നു താരം ബോസ്റ്റോൺ റിവറിൽ നിന്ന് ബാഴ്സലോണയിൽ എത്തിയത്. 1.7 മില്യൺ യൂറോയാണ് ഈ താരത്തിന് വേണ്ടി ബാഴ്‌സ ഉറുഗ്വൻ ക്ലബ്ബിന് നൽകിയത്. ബാഴ്‌സക്ക് വേണ്ടി ഇതുവരെ എട്ട് ലാലിഗ മത്സരങ്ങൾ താരം കളിച്ചു കഴിഞ്ഞു. 2023 വരെയാണ് ഈ ഡിഫൻഡർക്ക് ബാഴ്‌സയുമായി കരാറുള്ളത്.