മലയാളികളുടെ അഭിമാനമായ ഐഎം വിജയന് ആശംസകൾ നേർന്ന് സ്പെയിനിലെ വമ്പൻ ക്ലബ്

ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരമാണ് ഐഎം വിജയൻ എന്നതിനാൽ തന്നെ മലയാളികൾക്കും അദ്ദേഹം അഭിമാനമാണ്. ഒന്നിലധികം തവണ ഇന്ത്യയിലെ മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഐഎം വിജയൻ നിരവധി വർഷങ്ങൾ ഇന്ത്യൻ ടീമിനായി കളിക്കുകയും ഒരുപാട് ഗോളുകൾ നേടുകയും ചെയ്‌തു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനായും അദ്ദേഹം ഇറങ്ങിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിൽ മലയാളക്കരയുടെ അഭിമാനമായ ഐഎം വിജയൻ ഇന്ന് അൻപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള പല മാധ്യമങ്ങളും സ്പോർട്ട്സ് പേജുകളും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ടെങ്കിലും കേരളത്തിലെ പ്രമുഖ ക്ലബുകളൊന്നും ഇതുവരെയും അദ്ദേഹത്തിന് ആശംസ നൽകാൻ എത്തിയിട്ടില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്.

അതേസമയം കേരളത്തിലെ ക്ലബുകൾ തഴഞ്ഞ ഐഎം വിജയന് ആശംസയുമായി സ്പെയിനിലെ പ്രമുഖ ക്ലബായ സെവിയ്യ രംഗത്തു വന്നത് ആരാധകർക്ക് ആവേശമായി. തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌ത റീജിണൽ പോസ്റ്റ് വഴിയാണ് അവർ ആശംസകൾ നേർന്നിരിക്കുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും ആരാധകരിൽ നിന്നും മികച്ച പ്രതികരണം അവർക്ക് ലഭിക്കുകയും ചെയ്യുന്നു.

സ്പെയിനിലെ ടോപ് ക്ലബുകളിൽ ഒന്നായ സെവിയ്യ ഈ സീസണിൽ ലീഗിൽ മോശം ഫോമിലാണ്. നിലവിൽ പന്ത്രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീം ഇപ്പോഴാണ് കുറച്ചെങ്കിലും മികച്ച പ്രകടനം നടത്തുന്നത്. നിരവധി തവണ യൂറോപ്പ ലീഗ് നേടിയിട്ടുള്ള അവർ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ച് സെമി ഫൈനലിലേക്ക് കടക്കുകയും ചെയ്‌തിട്ടുണ്ട്‌.

ലോകകപ്പ് വിജയം നേടിയ നിരവധി അർജന്റീന താരങ്ങൾ കളിക്കുന്ന സെവിയ്യ ഒരു അർജന്റീന ആരാധകൻ കൂടിയായ ഐഎം വിജയന് ആശംസകൾ നേർന്നത് അപ്രതീക്ഷിത സംഭവം തന്നെയാണ്. മൂന്നു തവണ ഇന്ത്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ കളിക്കളത്തിലെ മികവിന് ലഭിച്ച അംഗീകാരം കൂടിയായി ഇതിനെ കണക്കാക്കാൻ കഴിയും.

Rate this post