” ഞായറാഴ്ച എല്ലാ തെരുവുകളും , വീടുകളും , സ്റ്റേഡിയവും മഞ്ഞക്കടലായി മാറും ” :ഹർമൻജോത് സിംഗ് ഖബ്ര

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെ നീണ്ടു നിൽക്കുന്ന ഈ പ്രയാണത്തിൽ നിർണായക പങ്കു വഹിച്ച നിരവധി താരങ്ങളെ നമുക്ക് കാണാൻ സാധിക്കും. കളിക്കളത്തിൽ എല്ലായ്‌പോഴും 100 % ആത്മാർത്ഥതയോടെ ടീമിന്റെ വിജയത്തിനായി 90 മിനുട്ടും വിയർപ്പോഴുക്കുന്ന താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വാസം എന്ന് ആരാധകർ വിളിക്കുന്ന ഹര്‍മന്‍ജോത് സിംഗ് ഖബ്ര.

പ്രതിതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം 90 മിനിറ്റും അദ്ധ്വാനിച്ച് കളിക്കാൻ കഴിവുള്ള അപൂർവം ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്. ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ വിശ്വാസത്തിന്റെ ആൾരൂപം തന്നെയാണ് ഖബ്ര. നാളെ നടക്കുന്ന കൈലാസ പോരാട്ടത്തിൽ മികച്ച പ്രകടനം നടത്താം എന്ന വിശ്വാസത്തിലാണ് താരം. ജാംഷെഡ്പൂരിനെതിരെയുള്ള സെമിയിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്.

നാളെ ഹൈദെരാബാദിനെതിരെയുള്ള ഫൈനലിനെക്കുറിച്ച് ഖബ്ര കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഇങ്ങനെ എഴുതി .”നമുക്ക് ഒരു പോരാട്ടം കൂടി ബാക്കിയുണ്ട്, അതിൽ നിങ്ങൾ എല്ലാവരും ഞങ്ങളുടെ ഒപ്പം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു . ഞായറാഴ്ച എല്ലാ തെരുവുകളിലും വീട്ടിലും സ്റ്റേഡിയത്തിലും നിങ്ങൾ ഓരോരുത്തരും മഞ്ഞനിറമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു!” ഡിഫൻഡർ പറഞ്ഞു.

“നിങ്ങൾ ഇത് സ്വപ്നം കണ്ടു, ഈ സീസണിലെ ഓരോ മിനിറ്റിലും ഞങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്, അതിനാൽ 90 മിനിറ്റും അതിനപ്പുറവും ഞങ്ങളോടൊപ്പം നിൽക്കൂ. ഈ ആഴ്ച അവസാനം നിങ്ങളെ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഞങ്ങളെ പിന്തുണക്കണം ” ഫൈനലിലെത്തിയതിനെക്കുറിച്ചും ഖബ്ര പറഞ്ഞു.ഈ സീസണിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിച്ച 18 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.