കണക്കുകൾ തീർക്കണം , ജയിക്കാനായി മാത്രം ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു |Kerala Blasters

സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജീവന്‍മരണപ്പോരാട്ടം. ഗ്രൂപ്പ് എ ജേതാക്കളെ നിര്‍ണയിക്കാനുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്കാണ് മത്സരം. ഇതേ സമയത്ത് ഗ്രൂപ്പ് എയിലെ തന്നെ മറ്റൊരു മത്സരത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബും ശ്രീനിധി ഡെക്കാനും ഏറ്റുമുട്ടും.

ബംഗളൂരും ശ്രീനിധിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് സെമിഫൈനലിലെത്തുന്ന ടീമിനെ നിർണ്ണയിക്കുന്നത്.ഐഎസ്എല്‍ നോക്കൗട്ട് മത്സരത്തിലെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും താരങ്ങളും മൈതാനം വിട്ട ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. അതിനാല്‍ തന്നെ കോഴിക്കോട്ടെ പോരാട്ടത്തിന് ചൂടേറും. “കഴിഞ്ഞ മത്സരത്തിൽ വിജയവും ക്ലീൻ ഷീറ്റും നേടിയതിൽ സന്തോഷമുണ്ട്. എന്നാൽ അടുത്ത കളി ജയിക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഞായറാഴ്ചത്തെ കളിയുടെ പ്രാധാന്യം ഞങ്ങൾക്ക് ഇതൊരു വലിയ ഗെയിമാക്കി മാറ്റുന്നു,” ഞായറാഴ്ചത്തെ ഏറ്റുമുട്ടലിന് മുന്നോടിയായി ബെംഗളൂരു എഫ്‌സി ഹെഡ് കോച്ച് സൈമൺ ഗ്രേസൺ പറഞ്ഞു.ഒരു തോല്‍വിയുള്ള ബ്ലാസ്‌റ്റേഴ്‌സിന് മൂന്നു പോയിന്റാണുള്ളത്. സെമിയിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ബംഗളൂരുവിനെ തോല്‍പ്പിക്കണം. കൂടാതെ പഞ്ചാബ് ശ്രീനിധിയയെും പരാജയപ്പെടുത്തണം. ഗ്രൂപ്പ് ജേതാക്കള്‍ മാത്രമാണ് സെമിയില്‍ പ്രവേശിക്കുക.

ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദഗോളില്‍ ബംഗളൂരുവിനോടേറ്റ തോല്‍വിക്ക് കണക്കു തീര്‍ക്കാനുള്ള അവസരം കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇന്നത്തെ മത്സരം. ഛേത്രിയുടെ ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കളി പൂര്‍ത്തിയാക്കാതെ സ്റ്റേഡിയം വിടുകയായിരുന്നു.

3/5 - (1 vote)