ഇവാൻ വുകോമനോവിച്ച് :”തോൽവി അറിയാത്ത കെട്ടുറപ്പുള്ള ടീമായി മാറുകയാണ് ലക്ഷ്യം,ജയത്തിൽ അമിത ആത്മവിശ്വാസമില്ല

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒഡിഷ എഫ്സിയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് എന്നാലിന്നലെ ഒഡിഷയ്ക്ക് മേൽ വ്യക്തമായി ആധിപത്യം പുലർത്തുന്നതാണ് ആരാധകർ കണ്ടത്.ഐഎസ്എല്ലില്‍ തോൽവി അറിയാത്ത കെട്ടറപ്പുള്ള ടീമായി മാറുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യമെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് . ഒഡിഷയ്ക്കെതിരെ തന്ത്രങ്ങളെല്ലാം കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞുവെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് ആദ്യ ജയത്തിന് ശേഷം പറഞ്ഞു.

പതിനൊന്ന് മത്സരങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ജയം സ്വന്തമാക്കിയത്. ഓരോ മത്സരത്തിലും പിഴവുകൾ തിരുത്തിയാണ് ടീം ഇത്തവണ മുന്നോട്ട് പോകുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നു. ‘ഒഡിഷയ്ക്കെതിരെ തന്ത്രങ്ങൾ ഫലം കണ്ടു. ജയം സ്വന്തമാക്കിയെങ്കിലും അമിത ആത്മവിശ്വാസമില്ല. തോൽവി അറിയാത്ത കെട്ടുറപ്പുള്ള ടീമായി മാറുകയാണ് ലക്ഷ്യ’മെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.

“ആദ്യ മൂന്ന് മത്സരങ്ങളിലും ഞങ്ങൾ മികച്ച ഫുട്ബോൾ കളികച്ചു എന്ന് ഞാൻ കരുതുന്നു. വ്യത്യസ്‌ത ശൈലികൾ പര്യവേക്ഷണം ചെയ്യാനും ഹൈ പ്രസിംഗ് ഫുട്‌ബോൾ കളിക്കാനും ഞങ്ങൾ ശ്രമിച്ചു. അതിശക്തമായ ടീമിനെയാണ് നേരിടാൻ പോകുന്നതെന്ന് മത്സരത്തിന് മുമ്പ് തന്നെ ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ അവരെ പ്രസ് ചെയ്യാൻ ശ്രമിച്ചു. അത് ഫലം കണ്ടുവെന്ന് ഞാൻ കരുതുന്നു.” ഇവാൻ പറഞ്ഞു.

തയ്യാറെടുപ്പുകളുടെ ഭാ​ഗമായി എതിരാളികളുടെ ലൈനപ്പ് എങ്ങനെയൊക്കെയാകാമെന്ന് ഞങ്ങൾ കണക്കുകൂട്ടി, അവരുടെ ദൗർബല്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി, അതിനനുസരിച്ച് ഞങ്ങളും ഒരുങ്ങി, അതുകൊണ്ടാണ് ബെം​ഗളുരുവിനെതിരായ മത്സരത്തിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായ പ്രകടനം ടീം പുറത്തെടുത്തത്, ഇവാൻ വിശദീകരിച്ചു.“ഈ കളി ജയിക്കാൻ ഞങ്ങൾ അർഹരാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഞങ്ങൾ വിനയാന്വിതരായി തുടരുകയും കഠിനാധ്വാനം തുടരുകയും ചെയ്യണം” ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തോൽപിച്ചാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ അൽവാരോ വാസ്ക്വേസും മലയാളി താരം കെ പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രശാന്തിന്‍റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. അഡ്രിയൻ ലൂണയാണ് രണ്ട് ഗോളിനും വഴിയൊരുക്കിയത്.

Rate this post