“ഐഎസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സിയില്ല”

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികളായി എത്തുന്നത് കരുത്തരായ ഹൈദരാബാദ് എഫ് സിയാണ്. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ എടികെ മോഹൻ ബഗാനോട് ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും ആദ്യ പടത്തിൽ നേടിയ 3 -1 ന്റെ ജയമാണ് അവരെ ഫൈനലിലെത്തിച്ചത്.

എന്നാൽ ഫൈനലിന് മുന്നോടിയായായി കേരള ബ്ലാസ്റ്റേഴ്സിന് ചെറിയൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഹൈദരാബാദ് എഫ്സിക്കെതിരെ ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്സി ലഭിക്കില്ല. ലീഗ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിനേക്കാൾ പോയിന്റ് നേടി രണ്ടാമത്‌ ഫിനിഷ് ചെയ്തതിനാൽ ഹോം ടീമായി പരിഗണിക്കുക ഹൈദരാബാദ് എഫ്സിയെയായിരിക്കും. അതിനാൽ ഏത് ജേഴ്സി അണിയണമെന്ന് ഹൈദരാബാദിന് തീരുമാനിക്കാം.

ഫൈനലിൽ ഹൈദരാബാദ് ഹോം ജേഴ്സി തന്നെയാകും തെരഞ്ഞെടുക്കുക. ഐഎസ്എല്ലിൽ മുൻപ് ഫൈനലിൽ എത്തിയ രണ്ട് തവണയും കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞ ജേഴ്സി അണിഞ്ഞായിരുന്നു ഇറങ്ങിയത്. രണ്ട് തവണയും ഫൈനലിൽ കാലിടറിയ കൊമ്പന്മാരെ ഇത്തവണ എവേ ജേഴ്സിയിൽ ഭാഗ്യം തുണയ്ക്കുമെന്ന് കരുതാം .ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദ് എഫ് സിയാകട്ടെ ആദ്യ ഫൈനലിനാണ് ഇറങ്ങുന്നത്. ആര് കിരീടം നേടിയാലും ഐഎസ്എല്ലില്‍ ഇത്തവണ പുതിയ ചാമ്പ്യനെ ലഭിക്കും.ഈ സീസണിൽ രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. ഒരു തവണ കേരളവും ഒരു തവണ ഹൈദരബാദും മഞ്ഞ ജേഴ്സി അണിഞ്ഞു.

ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. അതിനിടെ ഐഎസ്എല്‍ ഫൈനല്‍ കാണാനായി ആരാധകരെ ക്ഷണിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് ആരാധകരെ ഫൈനല്‍ കാണാൻ ക്ഷണിച്ച വുകോമനോവിച്ച് അവസാനം മലയാളത്തില്‍ കേറിവാടാ മക്കളെ എന്നും പറയുന്നുണ്ട്.

Rate this post