ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ സീസൺ ആസ്വദിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ചിനെ ആശങ്കപ്പെടുത്തുന്നത് വിവാദ റഫറി തീരുമാനങ്ങളോ പരിക്കുകളോ മത്സര തിരക്കുകളോ അല്ല. ലീഗിനെ തന്നെ സാരമായി തന്നെ ബാധിച്ചേക്കാവുന്ന ബയോ ബബിളിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക.
ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിന് മുമ്പ് എടികെ മോഹൻ ബഗാൻ കളിക്കാരൻ പോസിറ്റീവ് ആയതുകൊണ്ട് മത്സരം റദ്ദാക്കിയിരുന്നു. അതിനിടയിൽ ഇന്നത്തെ മത്സരത്തിന് മുന്നോടിയായി ആർടിപിസിആർ ടെസ്റ്റിൽ ഒഡിഷ താരത്തിന് കോവിഡ് -19 പോസിറ്റീവ് ആയതിനെത്തുടർന്ന് മുഴുവൻ ടീമിന്റെയും ടെസ്റ്റ് റിപ്പോർട്ടുകൾ പുറത്തു വരാനായി കാത്തിരിക്കുകയാണ്.തിങ്കളാഴ്ച താരത്തിന് ജലദോഷവും ചുമയും ഉണ്ടായിരുന്നു, ഉടൻ തന്നെ ഐസൊലേഷനിലേക്ക് മറ്റുവുകയും ചെയ്തു.ബയോ-സെക്യൂർ ബബിളിനുള്ളിൽ പോസിറ്റീവ് കേസിന്റെ വർദ്ധനവ് ലീഗിന് തെന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്.
എടികെ മോഹൻ ബഗാനിലും എഫ്സി ഗോവയിലും ഉണ്ടായ കേസുകൾക്ക് ശേഷം, ബബിളിനുള്ളിൽ കോവിഡ് -19 പോസിറ്റീവ് കേസുള്ള മൂന്നാമത്തെ ക്ലബ്ബാണ് ഒഡീഷ. ഇത് ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന മത്സരത്തെ ബാധിക്കില്ലെന്ന റിപോർട്ടുകൾ പുറത്തു വന്നു.ഒമ്പത് മത്സരങ്ങളിൽ അപരാജിത കുതിപ്പിലാണ് ബ്ലാസ്റ്റേഴ്സ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രം ജയിച്ച ഒഡീഷയ്ക്കെതിരെ ജയിച്ചാൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം.
ബയോ ബബിളിനുള്ളിൽ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ലീഗ് തുടരുന്നതിൽ സെർബിയൻ പരിശീലകൻ ആശങ്ക പ്രകടിപ്പിച്ചു.ഐഎസ്എൽ കോവിഡിനെ നിയന്ത്രണത്തിലാക്കുകയും അവസാനം വരെ ലീഗ് തുടരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ, അത് നാണക്കേടാകും, ”വുകോമാനോവിച്ച് പറഞ്ഞു.
ക്യാമ്പുകളിൽ ക്വാറന്റൈൻ ചെയ്യപ്പെടുകയും ഇടയ്ക്കിടെ പരിശോധനകൾ നടത്തുകയും ചെയ്യുന്നതിനാൽ വൈറസ് പടരുമെന്ന ഭയം എപ്പോഴും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.“ഞങ്ങൾ ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്കാകുലരാകുന്നത് കോവിഡ് സാഹചര്യമാണ്, കാരണം കൂടുതൽ ടീമുകളുടെ ക്യാമ്പുകളിൽ കോവിഡ് പൊട്ടിപുറപ്പെടുന്നത് ഒരു വെല്ലുവിളിയായിരിക്കാം എന്നതാണ് എന്റെ അഭിപ്രായം എന്നും പരിശീലകൻ പറഞ്ഞു.ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോം ആസ്വദിക്കുന്ന ബ്ലാസ്റ്റേഴ്സ് ബുധനാഴ്ച വാസ്കോയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ തങ്ങളുടെ അപരാജിത ഓട്ടം പത്തിലേക്ക് നീട്ടാൻ തയ്യാറെടുക്കുമ്പോൾ കോവിഡ് ഒരു വില്ലനായി എത്തില്ല എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.