സഹലിനെ പിൻവലിച്ചത് തെറ്റായ തീരുമാനമായോ ? : തന്ത്രപരമായ പിഴവുകൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ എടികെ മോഹൻ ബഗാൻ ജോണി കൗക്കോയുടെ ഇഞ്ചുറി ടൈം ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവിസ്മരണീയമായേക്കാവുന്ന വിജയമാണ് തടഞ്ഞത്.ഒരു ഫുട്ബോൾ കളിയുടെ മുഖച്ഛായ മൊത്തത്തിൽ മാറ്റാൻ കുറച്ച് നിമിഷങ്ങൾ മാത്രമേ എടുക്കൂ എന്ന വസ്തുത അടിവരയിടുന്നതായിരുന്നു ആ ഗോൾ. മത്സരം എട്ട് മിനിറ്റ് അധിക സമയത്തേക്ക് കടക്കുമ്പോൾ 2-1 ന് മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സിന് പന്ത് കൈവശം വച്ചുകൊണ്ട് എതിരാളികളെ തടയണമായിരുന്നു.

എന്നാൽ നന്നായി ഡ്രിബിൾ ചെയ്ത് കളിയുടെ നിർണായക ഘട്ടത്തിൽ പന്ത് പിടിക്കാൻ ഇഷ്ടപ്പെടുന്ന സഹലിനെ പോലൊരു താരത്തെ മാറ്റി നിർത്തിയത് തന്ത്രപരമായ പിഴവായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ മോഹൻ ബഗാന് കൂടുതൽ സമയം പന്ത്‌ കൈവശം വെക്കാൻ അനുവദിച്ചത് ഒരു തരത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പന്തുകൾ ക്ലിയർ ചെയ്യുന്നതിന് പകരം പന്ത് പിടിച്ചു നിർത്തണമെന്നായിരുന്നു. അവസാന നിമിഷങ്ങളിലെ ചില സബ്സ്റ്റിറ്റൂഷനുകളും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മാറി.ഈ സീസണിൽ ആദ്യ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നൽകിയ റഫറിമാരുടെ മോശം തീരുമാനങ്ങൾ ഇന്നലെയും ഉണ്ടായിരുന്നു.

നാലു മത്സരം ബാക്കിനിൽക്കെ ബ്ലാസ്റ്റേഴ്സ് പ്ലേഓഫിന്റെ റഡാറിൽ തന്നെയാണ്. ഈ കളി തുടർന്നാൽ മുംബൈ ഉൾപ്പെടെയുള്ള ടീമുകളെ വീഴ്ത്താൻ വുക്കൊമാനോവിച്ചിനും സംഘത്തിനും സാധിക്കും.നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള ടസ്‌കേഴ്‌സ് നാലാം സ്ഥാനത്താണ്.ഉറുഗ്വായ് മിഡ്ഫീൽഡ് മാസ്റ്റർ അഡ്രിയാൻ ലൂണ മഞ്ഞക്കുപ്പായത്തിൽ തന്റെ കഴിവ് ഒരിക്കൽ കൂടി തെളിയിച്ചു. ലൂയിസ് സുവാരസ്, എഡിൻസൺ കവാനി തുടങ്ങിയ മാരക സ്‌ട്രൈക്കുകളുടെ നാട്ടിൽ നിന്ന് വന്ന ലൂണയുടെ രണ്ട് ലോകോത്തര ഗോളുകൾ അദ്ദേഹത്തിന്റെ കഴിവിന് സാക്ഷ്യം വഹിച്ചു.

“ഞങ്ങളുടെ ടീമിൽ ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ് ലൂണ.ഒരു കളിക്കാരനെന്ന നിലയിൽ, ഒരു വ്യക്തിയെന്ന നിലയിൽ, ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലെ ഒരു വ്യക്തിത്വമെന്ന നിലയിൽ, അവന്റെ മാനസികാവസ്ഥ, അവൻ നിങ്ങൾക്ക് ശരിയായ മാതൃക കാണിക്കുന്നു, ശരിയായ നിമിഷത്തിൽ, മൈതാനത്തിന്റെ ഓരോ ഇഞ്ചിനും വേണ്ടി പോരാടുന്നതിൽ മിടുക്കനാണ് ലൂണ.മറ്റ് നിരവധി കളിക്കാർ, അവർ ആ മാതൃക പിന്തുടരുമ്പോൾ, നിങ്ങൾ ഒരു യൂണിറ്റ് എന്ന നിലയിൽ ശക്തരാകും. നിങ്ങളുടെ ടീമിൽ അഡ്രിയനെപ്പോലെ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ തോൽപ്പിക്കാൻ പ്രയാസമുളള ടീമായി ബ്ലാസ്റ്റേഴ്‌സ് മാറും” ലൂണയുടെ പ്രകടനത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

Rate this post