പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊല്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം ഈസ്റ്റ് ബംഗാൾ ആദ്യ പോയിന്റ് സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.ഈസ്റ്റ് ബംഗാളിന്റെ ISL പ്ലേ ഓഫ് സ്വപ്നങ്ങൾ ഫലത്തിൽ അവസാനിച്ചിരിക്കുന്നു, കാരണം ടീം നിലവിൽ 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. കൊൽക്കത്തയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊച്ചിയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ തിരികെയെത്തിയിരുന്നു. അതിനു മുമ്പ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ട് പരാജയങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ഇന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ലെസ്കോവിച് ഉണ്ടാകില്ല. പരിക്കിൽ നിന്ന് തിരികെ വരാൻ ശ്രമിക്കുന്ന ലെസ്കോവിച് കൊൽക്കത്തയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. ഇന്നും വിക്ടർ മോംഗിലും ഹോർമിപാമും ആകും ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കുകൾ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ജയം(2-0) കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നിര്‍ണായകമായെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. ബാക്കിയുള്ള അഞ്ച് കളിയില്‍ നിന്ന് പരമാവധി പോയിന്റ് നേടി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമെന്നും വുകോമനോവിച്ച് പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ദിമിത്രോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഗ്രീക്ക് സ്‌ട്രൈക്കറുടെ ഗോളടി മികവിൽ തെന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നത്. ഈസ്റ്റ് ബംഗാൾ എഫ്‌സിക്ക് ഇതുവരെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടില്ല. അവരുടെ അഞ്ച് ഏറ്റുമുട്ടലുകളിൽ മൂന്നെണ്ണം സമനിലയിൽ അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണം വിജയിച്ചു. ഈ രണ്ട് ബ്ലാസ്റ്റേഴ്‌സ് വിജയങ്ങളും കഴിഞ്ഞ രണ്ട് മീറ്റുകളിലായാണ് നേടിയത്.

Rate this post