ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം 1-1 എന്ന അവസാനിച്ചു. കളിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തി എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല.ജയിക്കേണ്ട മത്സരമായിരുന്നു ബ്ലാസ്റ്റേഴ്സ് സമനിലയിൽ എത്തിച്ചത്.
ആദ്യ പകുതിയിൽ ലഭിച്ച ആദ്യ അവസരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് വല കണ്ടെത്തി. പക്ഷെ വിവാദമായ റഫറിയുടെ വിധിയിൽ പിന്നീട് ഗോൾ നിഷേധിക്കുകയും ചെയ്തു. 15ആം മിനുട്ടിൽ പൂട്ടിയയുടെ ഷോട്ട് ഈസ്റ്റ് ബംഗാൾ താരത്തിന്റെ കയ്യിൽ തട്ടിയ ഉടനെ റഫറി ഫൗൾ വിസിൽ വിളിച്ചു. പക്ഷെ ആ പന്ത് വാസ്കസിൽ എത്തുകയും താരം ഗോൾ നേടുകയും ചെയ്തു. ഫൗൾ വിളിച്ച റഫറി തന്നെ ഉടനെ അത് ഗോളാണെന്ന് വിധിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ആഘോഷവും നടത്തി. എന്നാൽ ഈസ്റ്റ് ബംഗാൾ താരങ്ങളുടെ പ്രതിഷേധത്തിന് ഒടുവിൽ ആ ഗോൾ നിഷേധിക്കുകയും അത് കേരളത്തിന്റെ ഒരു ഫ്രീകിക്കായി മാത്രം വിളിക്കുകയും ചെയ്തു.ഗോൾ ആകും മുമ്പ് റഫറി വിസിൽ വിളിച്ചു എന്നതാണ് ഗോൾ നിഷേധിക്കാനുള്ള കാരണം.
20ആം മിനുട്ടിൽ പെർസോവിചിന്റെ ഒരു ഇടം കാലൻ ഷോട്ട് ഗില്ലിന്റെ ഫുൾ ഡൈവ് സേവിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ വലതു വിങ്ങിലൂടെ പെർസൊവിച് കേരള ബ്ലാസ്റ്റേഴ്സിന് നിരന്തരം തലവേദന നൽകി.കളിയുടെ 37ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ഈസ്റ്റ് ബംഗാൾ ലീഡ് നേടി. തൊമിസ്ലാവ് ആണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. കേരള ഇതിൽ തളർന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് വാസ്കസിലൂടെ കേരളം സമനില നേടി. ബോക്സിന് പുറത്ത് നിന്നുള്ള വാസ്കസിന്റെ ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനിലൂടെ വലയിൽ എത്തുക ആയിരുന്നു.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം ആയിരുന്നു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. 77ആം മിനുട്ടിലെ വാസ്കസിന്റെ ഒരു ലോങ് റേഞ്ചർ ആയിരുന്നു ഈസ്റ്റ് ബംഗാൾ കീപ്പറിനെ രണ്ടാം പകുതിയിൽ ആദ്യമായി പരീക്ഷിച്ചത്. മറുവശത്ത് 80ആം മിനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് പെർസോവിചിന്റെ ഷോട്ട് ഗിൽ തടഞ്ഞു.
88ആം മിനുട്ടിൽ ലൂണയുടെ ക്രോസിൽ നിന്ന് ഡിയസ് കേരളത്തിനായി രണ്ടാം ഗോൾ നേടി എങ്കിലും ആ ഗോളും റഫറി നിഷേധിച്ചു. ഗോൾ നിഷേധിക്കാനുള്ള കാരണം പോലും വ്യക്തമായിരുന്നില്ല. ഫൗൾ ആണ് വിധിച്ചത് എങ്കിലും റീപ്ലേകളിൽ വലിയ ഫൗൾ ഒന്നും കാണാൻ ആയില്ല. അവസാന നിമിഷങ്ങളിൽ ഇരു ടീമുകൾക്കും അവസരം ഉണ്ടായി എങ്കിൽ സമനിലയിൽ തന്നെ കളി അവസാനിച്ചു.6 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് തന്നെയാണ്.