ആദ്യ മത്സരത്തിൽ മോഹൻ ബഗാനെതിരെ വൻ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ സീസണിൽ എവിടെ അവസാനിപ്പിച്ചു അവിടെ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും തുടങ്ങിയത്. പുതിയ പരിശീലകനും പുതിയ വിദേശ താരങ്ങളും എത്തിയിട്ടും ബ്ലാസ്റ്റേഴ്സിൽ ഒരു മാറ്റവും വാഴ്ത്താൻ സാധിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ ഉത്ഘാടന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് എ ടികെ മോഹൻ ബഗാൻ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ തന്നെ എല്ലാ പിഴവുകളും പുറത്തു കാട്ടിയപ്പോൾ ഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഗോളുകൾ വീഴാതിരുന്നത്. ഗോൾകീപ്പറുടെയും പ്രതിരോധത്തിന്റെയും പിഴവിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യ മൂന്നു ഗോളുകളും വഴങ്ങിയത്. അതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായ രാഹുൽ കെപിക്ക് പരിക്കേറ്റു പുറത്തു പോവുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ എ ടി കെയെ നേരിട്ട ബ്ലാസ്റ്റർ ടീമിൽ സഹൽ ,രാഹുൽ ,ബിജോയ് അടക്കം മൂന്നു മലയാളികൾ ഇടം പിടിച്ചു. മത്സരം ആരംഭിച്ച മൂന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നേരിട്ടു.പുതിയ റിക്രൂട്ട് ഹ്യൂഗോ ബൗമസിലൂടെ കൊല്കത്തൻ ടീം മുന്നിലെത്തി.ഹുഗോ ബൗമസിന്റെ ഒരു ബോക്സിലേക്കുള്ള ക്രോസ് എല്ലാവരെയും മറികടന്ന് വലയിലേക്ക് എത്തി. ആ ഗോൾ വരുമ്പോൾ ഗോളിയെ തടസ്സപ്പെടുത്തി റോയ്കൃഷ്ണ ഓഫ്സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു എങ്കിലും റഫറി ഗോൾ വിധിച്ചു. 9 ആം മിനുട്ടിൽ കേരള ക്യാപ്റ്റൻ ജെസൽ തൊടുത്ത മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി. 14 ആം മിനുട്ടിൽ ഹ്യൂഗോ ബൗമസ് കൊടുത്ത ക്രോസിൽ നിന്നും മൻവീർ സിങ്ങിന്റെ ഹെഡ്ഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്‌സ് ക്രോസ്സ്‌ബറിന് മുകളിലൂടെ പോയി.

19ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച കോർണറിൽ നിന്ന് ബിജോയിയുടെ ഹെഡറിൽ ജോണി കൗക്കോ പന്ത് തട്ടിയതിന് അപ്പീൽ വന്നെങ്കിലും പെനാൾട്ടി വിധി വന്നില്ല. 24ആം മിനുട്ടിൽ പ്രതീക്ഷ നൽകികൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. രാഹുൽ കെ പി പെനാൾട്ടി ബോക്സിൽ നിന്ന് നൽകിയ മനോഹര പാസ് നെഞ്ചിൽ എടുത്ത് മികച്ച ഷോട്ടോടെ വലയിൽ എത്തിച്ച് സഹൽ ആണ് ബ്ലാസ്റ്റേഴ്സിന് സമനില നൽകിയത്. എന്നാൽ സമനില ഗോളിന് മൂന്നു മിനുട്ട് മാത്രമാണ് ആയുസ്സ് ഉണ്ടായിരുന്നത് .കൃഷ്ണയെ ആൽബിനോ ഫൗൾ ചെയ്തതിനാൽ എടികെ അനുകൂലമായി പെനാൽറ്റി ലഭിച്ചു.റോയ് കൃഷ്ണ പിഴവ് കൂടാതെ ലക്ഷ്യത്തിലെത്തിച്ചു.

32 ആം മിനുട്ടിൽ റോയ് കൃഷ്നക്ക് ലീഡുഅയർത്താൻ വീണ്ടും അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല.39ആം മിനുട്ടിൽ അവർ മൂന്നാം ഗോളും നേടി. അരങ്ങേറ്റക്കാരനായ ബിജോയിയെ മറികടന്ന് ഹ്യൂഗോ ബൗമാ തൊടുത്ത ഷോട്ട് ആൽബിനോയുടെ കാലുകൾക്ക് ഇടയിലൂടെ വലയിൽ എത്തി. സ്കോർ 3-1. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ എല്ലാ പാളിച്ചകളും തുറന്നു കാട്ടുന്നതായിരുന്നു ആദ്യ പകുതി.

രണ്ടാം പകുതി തുടങ്ങി അഞ്ചു മിനുട്ടിനു ശേഷം ലിസ്റ്റൺ കൊളാക്കോയുടെ മനോഹരമായ ഗോളിലൂടെ എ ടി കെ ലീഡ് കൂട്ടി. 63 ആം മിനുട്ടിൽ വീണ്ടും എ ടി കെ ക്ക് ഗോൾ നേടണ അവസരം ലഭിച്ചെങ്കിലും റീബൗണ്ടിൽ നിന്നും മൻവീറിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 69 ആം മിനുട്ടിൽ പെരേര ഡയസിന്റെ മികച്ചൊരു ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ തിരിച്ചടിച്ച് സ്കോർ സകരെ 4 -2 ആക്കി മാറ്റി.ഇരു ടീമുകളും കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിയില്ല.

Rate this post